ദുബായ്: നിലവിലെ ഗൾഫ് പ്രതിസന്ധി കാരണം ജി.സി.സി രാജ്യങ്ങളുമായി ബ്രിട്ടന്‍ നടത്താനിരുന്ന ചര്‍ച്ചകള്‍ മുടങ്ങിയതായി റിപ്പോർട്ട്. ഗള്‍ഫ്‌ രാഷ്ട്രങ്ങളുമായുള്ള ആദ്യ സമ്മേളനത്തിന് രണ്ടായിരത്തി പതിനേഴിൽ ബ്രിട്ടൻ ആതിഥ്യം വഹിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ കഴിഞ്ഞ വര്‍ഷം ഉറപ്പ് നൽകിയിരുന്നു. എന്നാല്‍,ഖത്തറിനെതിരെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി തുടരുന്ന ഉപരോധം ഈയൊരു നീക്കത്തെ തകിടം മറിക്കുകയായിരുന്നു.

1981 ൽ രൂപീകൃതമായത് മുതൽ ജിസിസി അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന തർക്കങ്ങൾ കാരണം യുറോപ്പിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ സ്വതന്ത്ര വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള ബ്രിട്ടന്‍റെ ശ്രമങ്ങൾ എങ്ങുമെത്താതെ മുടങ്ങികിടക്കുകയാണ്. 2016 ലെ കണക്ക് പ്രകാരം ചൈനയുമായി നടത്തുന്നതിനെക്കാൾ കൂടുതൽ വാണിജ്യ ഇടപാടുകൾ ബ്രിട്ടന്‍ ഗള്‍ഫ്‌ രാഷ്ട്രങ്ങളുമായി നടത്തുന്നുണ്ട്. 

ഇന്ത്യയോടുള്ളതിനേക്കാള്‍ രണ്ടിരട്ടിയിലധികം തുകയാണ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾക്കായി ബ്രിട്ടന്‍ നീക്കിവെക്കുന്നത്. 30 ബില്ല്യണ്‍ യൂറോ ആണ് കഴിഞ്ഞ വര്‍ഷത്തെ വാണിജ്യ ഇടപാടുകൾ. മറ്റ് മേഖലകളിലേക്ക് കൂടി എളുപ്പത്തില്‍ വ്യാപനം സാധ്യമാവുന്ന വ്യാപാര ഇടപാടുകൾ ഗള്‍ഫുമായി നടത്താനാവുമെന്ന് ബ്രിട്ടന്‍റെ അന്താരാഷ്‌ട്ര വ്യാപാര സെക്രട്ടറി ലിം ഫോക്സ് പറഞ്ഞു. 

എണ്ണ, പ്രകൃതി വാതകം തുടങ്ങിയവ കൂടി ഉള്‍കൊള്ളുന്ന നിരവധി സാദ്ധ്യതകൾ ഗള്‍ഫു രാജ്യങ്ങളുമായുള്ള സ്വതന്ത്ര വാണിജ്യ ഇടപാടിൽ ബ്രിട്ടൻ ലക്ഷ്യം വെക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫുമായുള്ള വ്യാപാര ബന്ധത്തിന് കുറേകൂടി പ്രാധാന്യം നൽകാനും ബ്രിട്ടൻ തീരുമാനിച്ചിരുന്നു.

ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഗള്‍ഫിലെ ഓരോ രാഷ്ട്രങ്ങളോട് കരാറുകള്‍ ഉണ്ടാക്കുന്നതിന് പകരം ഗൾഫ് സഹകരണ കൗൺസിലുമായി മൊത്തത്തില്‍ ഒരു കരാരിലെര്‍പ്പെടുന്നതാവും ബ്രിട്ടന് ഗുണം ചെയ്യുക. എന്നാല്‍ നിലവിലെ പ്രതിസന്ധി അനിശ്ചിതമായി നീളുന്നതോടെ ബ്രിട്ടനും ഗൾഫ് രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്യാനിടയുള്ള സ്വതന്ത്ര വാണിജ്യ കരാർ എന്ന സ്വപ്നം അസ്ഥാനത്താവുകയാണ്.