ദുരിതാശ്വാസത്തിന് ഇറങ്ങുന്നവര്‍ക്ക് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ പോയിന്റും കണ്ടെത്താനുള്ള വഴി ഷെയര്‍ ചെയ്തുകൊണ്ടാണ് പൃഥി രംഗത്തെത്തിയത്

കേരളം കണ്ട മഹാ പ്രളയത്തില്‍ നിന്ന് അതിജീവിക്കാനുള്ള പ്രയാണത്തിലാണ് ഏവരും. സമസ്ത മേഖലയിലുള്ളവരും കേരളത്തിന്‍റെ അതിജീവനത്തിനായി കൈകോര്‍ക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ആദ്യം മുതല്‍ തന്നെ രംഗത്തുള്ള പൃഥിരാജ് ദുരിതാശ്വാസത്തിനിറങ്ങുന്നവര്‍ക്ക് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ പോയിന്റും കണ്ടെത്താനുള്ള സൈറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു.

ഒരു ആവശ്യം വരുമ്പോൾ എല്ലാവരും ഒത്ത്‌ നിന്ന് ഭരണകൂടത്തിന്‍റെ രക്ഷാപ്രവൃത്തികൾക്ക്‌ ശക്തി പകരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഫേസ്ബുക്കിലൂടെയാണ് പൃഥിയുടെ കുറിപ്പ്.

പൃഥിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

നിങ്ങൾക്ക്‌ തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളും കളക്ഷൻ പോയിന്റും കണ്ടെത്താൻ www.keralaflood.org എന്ന സൈറ്റ്‌ സഹായിക്കും. കേരളത്തിലുടനീളമുള്ള ദുരിതാശ്വാസ ക്യാമ്പും കേരളത്തിനകത്തും പുറത്തുമുള്ള കളക്ഷൻ പോയിന്റും ലൊക്കേഷനും ഫോൺ നമ്പറും ഈ സൈറ്റിൽ ലഭ്യമാണ്‌. വസ്ത്രങൾ, ഭക്ഷണസാധങ്ങൾ തുടങ്ങിയവ ഈ സ്ഥലങ്ങളിൽ ആവശ്യം മനസ്സിലാക്കി ഏൽപിക്കാം.

ആവശ്യം ഇല്ലാത്ത സാധനങ്ങൾ തെറ്റായ സ്ഥലത്തേക്ക്‌ പോകാതിരിക്കാൻ ഈ സൈറ്റ്‌ ഉപകരിക്കും. നമ്മുടെ വൊളന്റിയർമാർ ഇതിന്റെ പിന്നിൽ സജീവമായി ഉണ്ട്‌. ഒരു ആവശ്യം വരുമ്പോൾ ഒത്ത്‌ നിന്ന് ഭരണകൂടത്തിന്റെ രക്ഷാപ്രവൃത്തികൾക്ക്‌ ശക്തി പകരാം.