ദില്ലി: സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണ അവകാശമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റെ പരാമര്‍ശം. വ്യക്തിസ്വാതന്ത്ര്യത്തില്‍ ഒരു അംശം മാത്രമേ ആകുന്നുള്ളു സ്വകാര്യതയെന്നും കോടതി പറഞ്ഞു. സ്വകാര്യത അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമേ ആകുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേസില്‍ വാദംകേള്‍ക്കല്‍ നാളെയും തുടരും.
സ്വകാര്യത അവകാശം മൗലിക അവകാശമാണോ എന്നതില്‍ വാദംകേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ച് ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്വകാര്യത ഒരു വ്യക്തിയുടെ പൂര്‍ണമായി അവകാശമായി കണക്കാക്കാനാകില്ല. സ്വകാര്യത എന്നത് വ്യക്തിസ്വാതന്ത്ര്യത്തിലെ ഒരു അംശം മാത്രമെ ആകുന്നുള്ളു.
സ്വകാര്യത ഒരാളുടെ പരമാധികാരമായി കണക്കാക്കാന്‍ സാധിക്കുന്നതല്ല. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകില്ല എന്ന് തീരുമാനിക്കാന്‍ എനിക്ക് അവകാശമില്ല എന്നതുപോലെയാണ് അതെന്നും കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അവകാശങ്ങള്‍ പരിധി നിശ്ചിയിക്കാനാകാത്തതെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ ചോദിച്ചു.
സ്വകാര്യത ഇല്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ എങ്ങനെയാണ് നിറവേറ്റാനാവുക എന്നും കോടതിചോദിച്ചു. സ്വകാര്യത അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ല എന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍.
