തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാൻ സ്വകാര്യ ബസ് ലോബികളുടെ നീക്കം. കൊല്ലത്തെ ബസ് ഉടമ ശരണ്യ മനോജിന്റെ ബന്ധു കെ എസ് ആർ ടി സിക്ക് വായ്പ നൽകരുതെന്നാവശ്യപ്പെട്ട് കരാർ ഒപ്പിട്ട ബാങ്കിനെ സമീപിച്ചു. കെഎസ്ആർടിസി എംഡി സർക്കാറിനോട് അന്വേഷണം ആവശ്യപ്പെട്ടു.

കെ.എസ്.ആ‍ർടി.സിയുടെ അവസാന കച്ചിതുരുമ്പാണ് 3000 കോടിയുടെ വായ്പക്ക് ബാങ്കുകളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ ധാരണ. അതു പൊളിക്കാനാണ് സ്വകാര്യ ബസ് ലോബിയുടെ ശ്രമം.തിരിച്ചടക്കാനുള്ള ആസ്തി കെഎസ്ആർടിസിക്ക് ഇല്ലെന്നും വായ്പ കൊടുത്ത് കുഴപ്പത്തിലാകരുതെന്നും കാണിച്ച് കൊല്ലം സ്വദേശി വിനായക് എന്നയാൾ കൺസോർ‍ഷ്യത്തിലെ ഒരു ബാങ്കിനെ സമീപിച്ചു.

ബാങ്ക് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കെഎസ്ആർടിസി എംഡി ഹേമചന്ദ്രൻ പ്രാഥമിക പരിശോധന തുടങ്ങി. പരിശോധനയിൽ വിനായകിന് പിന്നിൽ ബസ് ഉടമയാണെന്ന് വ്യക്തമായി. സർക്കാറിന് റിപ്പോർട്ടും നൽകി. വിനായക് തന്റെ ബന്ധുവാണെന്ന് കൊല്ലത്തെ സ്വകാര്യ ബസ് ഉടമ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു. കെഎസ്ആ‍ർടിസി എംഡിയുടെ പരാതിയിൽ സർക്കാർ ഉടൻ അന്വേഷണം പ്രഖ്യാപിക്കും.