തിരുവനന്തപുരം: നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കണം എന്നാണ് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍റെ ആവശ്യം. അടിയ്‌ക്കടി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ദ്ധനവിന്‍റെ സാഹചര്യത്തില്‍ സ്വകാര്യ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാണ് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനേസേഷന്‍റെ ആവശ്യം.

മിനിമം ചാര്‍ജ്ജ് ഏഴില്‍ നിന്നും പത്ത് രൂപയാക്കി ഉയര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്രാ നിരക്ക് ഒരു രൂപയില്‍ നിന്നും ഉയര്‍ത്തണം. 2014 ല്‍ ആണ് അവസാനമായി സ്വകാര്യ ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉണ്ടായത്. ഹരിത ട്രൈബ്യൂണലിന്‍റെ വിധിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെ റോഡ് സുരക്ഷാ ബില്‍ സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കുന്നതാണെന്നും യോഗം വിലയിരുത്തി.


ചാര്‍ജ്ജ് വര്‍ദ്ധനവിന്‍റെ കാര്യത്തില്‍ ഗതാഗത വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം നടപടി ഉണ്ടാകാത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍റെ തീരുമാനം.