കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്. ബോണസും ഡി.എ വര്‍ദ്ധനവും ആവശ്യപെട്ടാണ് സംയുക്തസമരസമിതിയുടെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ പണിമുടക്കുന്നത്. ബോണസും ഡി.എ വര്‍ദ്ധവനുമെന്ന ആവശ്യം ബസ് ഉടമകള്‍ അംഗീകരിക്കാത്തതിനെതുടര്‍ന്നാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.
വിഷുവിന് നല്‍കാറുള്ള ബോണസ് ഇത്തവണ നല്‍കിയില്ലെന്നും സെപ്റ്റംബര്‍ ഒന്നുമുതല്‍ വര്‍ദ്ധിപ്പിച്ച ഡി.എ കുടിശ്ശികയായി കിടക്കുകയാണെന്നും തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. മറ്റ് ജില്ലകളിലൊക്കെ ഉത്സവത്തിന് ബോണസ് നല്‍കുന്നുണ്ടെന്നും കണ്ണൂരില്‍ മാത്രം തുക നിശ്ചയിക്കാതെ ഓരോ ഉടമസ്ഥനും അവര്‍ക്കുതോന്നുന്ന വിധത്തില്‍ ബോണസ് നല്‍കുമെന്നത് അംഗീകരിക്കാനാവില്ലെന്നാണ് സംയുക്തസമരസമിതിയുടെ നിലപാട്.
തര്‍ക്കം പരിഹരിക്കാന്‍ ജോയിന്റ് ലേബര്‍ കമ്മീഷനും ജില്ലാ ലേബര്‍ കമ്മീഷനും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപെട്ടതോടെയാണ് നാളെ അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് പോകാന്‍ സ്വകാര്യബസ് തൊളിലാളികള്‍ തീരുമാനിച്ചത്.
സി.ഐ.ടി.യു, ഐന്‍.ടി.യു.സി, ബി.എം.എസ്, എ.ഐ.ടി.യു.സി, എസ്.ടി.യു, എന്നീങ്ങനെ എല്ലാ സംഘടനകളും സമരത്തിലുണ്ട്.ഇതോടെ നാളെ അര്‍ദ്ധ രാത്രിമുതല്‍ കണ്ണൂരിലെ സ്വകാര്യബസുകളുടെ സര്‍വീസ് പൂര്‍ണ്ണമായും നിലയ്ക്കും.
