കൊല്ലം: ബസ് ചാര്‍ജ് വര്‍ധന നിലവില്‍ വന്നതിന് പിന്നാലെ ചില  സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ടിക്കറ്റിന് അധിക തുക ഈടാക്കുന്നതായി പരാതി. സര്‍ക്കാര്‍ അംഗീകൃത നിരക്കിലും കൂടുതല്‍ തുക രേഖപ്പെടുത്തിക്കൊണ്ടുള്ള സ്റ്റിക്കറും ചില ബസുകളില്‍ പതിച്ചു. അധിക നിരക്ക് വാങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി

മാര്‍ച്ച് ഒന്നിന് നിലവില്‍ വന്ന പുതുക്കിയ നിരക്ക് പ്രകാരം രണ്ടര കിലോ മീറ്റര്‍ ദൂരം വരെ ഒരു രൂപയാണ് വിദ്യാരര്‍ഥികളുടെ ടിക്കറ്റ് നിരക്ക്. തുടര്‍ന്ന് അഞ്ച് കിലോ മീറ്റര്‍ വരെ  സഞ്ചരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് രൂപ നല്‍കണം. പിന്നീടങ്ങോട്ടുള്ള ദൂരത്തിനും ആനുപാതികമായി നിരക്ക് ഉയരും. എന്നാല്‍ ചില ബസുകളില്‍ രണ്ട് കിലോമീറ്ററിന് ശേഷം തന്നെ അധിക നിരക്ക് വാങ്ങുന്നുവെന്നാണ് പരാതി. 

തുടര്‍ന്നുള്ള കിലോമീറ്ററുകള്‍ക്കും സര്‍ക്കാര്‍ നിരക്കിനേക്കാള്‍ അധിക തുക വാങ്ങുന്നതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സര്‍ക്കാരിനെ വെല്ലുവിളിച്ച് അധിക തുക വാങ്ങിയത് ചോദ്യം ചെയ്ത വിദ്യാര്‍ഥികളോട് ബസ് ജീവനക്കാര്‍ തട്ടിക്കയറുന്നതായും ആക്ഷേപമുണ്ട്. അതിനിടെ അധിക തുക വാങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. 

കൊല്ലത്ത് അധിക തുക വാങ്ങിയ ഒരു സ്വകാര്യ ബസിന്‍റെ ചില്ല് കെഎസ് യു പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് നഗരത്തില്‍ ബസുകള്‍ അല്പനേരം സര്‍വീസ് നിര്‍ത്തിവച്ചു. അധിക തുക വാങ്ങുന്നതായി പരാതി കിട്ടിയിട്ടില്ലെന്നും അന്വേഷിക്കുമെന്നും കൊല്ലം ആര്‍ടിഒ അറിയിച്ചു. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകള്‍ വഴിയില്‍ തടയുമെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് പറ‌ഞ്ഞു.