നിലപാട് മയപ്പെടുത്തി നഴ്സുമാർ; സമരം തുടരണോയെന്ന് നാളെ തീരുമാനിക്കും

തിരുവനന്തപുരം: മിനിമം വേതന കാര്യത്തില്‍ തീരുമാനമായിട്ടും അലവന്‍സ് അട്ടിമറിച്ചെന്നാരോപിച്ച് സമരം തുടരുമെന്നറിയിച്ച നഴ്സുമാര്‍ നിലപാട് മയപ്പെടുത്തി. നാളെ നടക്കുന്ന സമരത്തില്‍ അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉറപ്പാക്കുമെന്നും സമരം തുടരണോ വേണ്ടയോ എന്നതിൽ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

മിനിമം വേതനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്നായിരുന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ നേരത്തെ അറിയിച്ചത്. അലവൻസ് കാര്യത്തിൽ ഉണ്ടായത് വലിയ അട്ടിമറിയാണ്, മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചു, ഉത്തരവ് കയ്യിൽ കിട്ടിയാല്‍ മാത്രമെ ലോങ് മാർച്ച് പിൻവലിക്കുകയുള്ളൂ, നഴ്സുമാരെ തെറ്റദ്ധരിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും ആരോപിച്ച് യുണൈറ്റ‍് നഴ്സസസ് അസോസിയേഷൻ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ തന്നെ രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് നഴ്സുമാര്‍.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനം തൊഴില്‍ സെക്രട്ടറി ഒപ്പുവച്ചതോടെ പ്രാബല്യത്തില്‍ വന്നിരുന്നു. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്.