അലവന്‍സ് അട്ടിമറിച്ചു;  നഴ്സുമാര്‍ സമരം തുടരും

തിരുവനന്തപുരം: മിനിമം വേതനവുമായി ബന്ധപ്പെട്ട് തൊഴില്‍ സെക്രട്ടറി ഒപ്പുവച്ച് കരട് വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. അലവൻസ് കാര്യത്തിൽ ഉണ്ടായത് വലിയ അട്ടിമറിയാണ്. മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചു. ഉത്തരവ് കയ്യിൽ കിട്ടിയാല്‍ മാത്രമെ ലോങ് മാർച്ച് പിൻവലിക്കുകയുള്ളൂ. നഴ്സുമാരെ തെറ്റദ്ധരിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും യുണൈറ്റ‍് നഴ്സസസ് അസോസിയേഷൻ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാരുടെ മിനിമം വേതനം ഉറപ്പാക്കുന്ന വിജ്ഞാപനത്തില്‍ തൊഴില്‍ സെക്രട്ടറി ഒപ്പുവച്ച് പ്രാബല്യത്തില്‍ വന്നിരുന്നു. വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍, 50 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാകും. 100 കിടക്കകള്‍ വരെയുള്ള ആശുപത്രിയില്‍ 24,400 രൂപയും 200 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 29,200 രൂപയുമായി മിനിമം വേതനം ഉയര്‍ത്തിയിട്ടുണ്ട്. 

എന്നാല്‍ യുണൈറ്റഡ് അസോസിയേഷന്‍ നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ലോങ് മാര്‍ച്ചടക്കമുള്ള സമര പരിപാടികളും അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാറിന്‍റെ വിജ്ഞാപനത്തിലും അലവന്‍സ് അട്ടിമറിയാണ് അവര്‍ പ്രധാനമായും ആരോപിക്കുന്നത്.