പുതുക്കിയ വേതന-സേവന വ്യവസ്ഥയിലെ അപാകത ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി വിശദീകരണം ചോദിച്ചത് യു.എൻ.എ നല്‍കിയ കേസില്‍
തൃശൂര്: സ്വകാര്യ ആശുപത്രി മേഖലയിലെ പുതുക്കിയ വേതന-സേവന വ്യവസ്ഥയിലെ അപാകതകള് പരിഹരിക്കാൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നൽകിയ കേസിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ഉടമകൾ കോടതി കയറാനിരിക്കെയാണ് നഴ്സിംഗ് സംഘടന ഒരുമുഴം മുമ്പേയെറിഞ്ഞത്. ഇതോടെ വിജ്ഞാപനം നടപ്പിലാക്കുന്നതിന് സ്റ്റേ കിട്ടുമോ എന്ന കാര്യത്തിലും സംശയമായി.
കരടില് നിന്ന് വ്യത്യസ്ഥമായി അന്തിമവിജ്ഞാപനത്തില് വ്യാപകമായി കാണുന്ന അപാകതകള് തിരുത്താനാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന് ഹൈക്കോതി കയറിയിരിക്കുന്നത്. രണ്ട് കക്ഷികളുടെയും നീക്കെ ചെറുക്കാനാണുള്ള ബാധ്യത സര്ക്കാരിന് തലവേദനയാവും. മുക്കാല് ലക്ഷത്തോളം കിടപ്പു രോഗികളെ സമരഭീതിയില് നിന്നൊഴിവാക്കിയാണ് അന്തിമ വിജ്ഞാപനം ഇറക്കിയതിന്റെ പേരില് നഴ്സുമാര് പണിമുടക്കില് നിന്ന് പിന്മാറിയത്.
കരട് വിജ്ഞാപനം പാടെ പൂഴ്ത്തി അപാകതകൾ നിറഞ്ഞ റിപ്പോർട്ടാണ് അന്തിമ വിജ്ഞാപനമായി സർക്കാർ ഇറക്കിയതെന്നും അത് മാറ്റിയെടുക്കാൻ കോടതിയെ സമീപിക്കുമെന്നും യു.എൻ.എ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, വിജ്ഞാപനം ഇറക്കിയാല് കോടതിയെ സമീപിക്കുമെന്ന് ആശുപത്രി ഉടമകള് നേരത്തെ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു. ഇരുകൂട്ടര്ക്കും ആശയക്കുഴപ്പമുണ്ടാക്കും വിധം അന്തിമ വിജ്ഞാപനം ഇറക്കി സര്ക്കാരും തങ്ങളുടെ ഉത്തരവാദിത്വം വഴിപാടാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല വീണ്ടും കലുഷിതമാകുമെന്നാണ് സൂചനകള്.
നഴ്സുമാരുടെ അലവന്സും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് യുഎന്എ നല്കിയ ഹരജി രാവിലെഫയലില് സ്വീകരിച്ച ഹൈക്കോടതിയിലെ അവധിക്കാല ബെഞ്ച് വൈകീട്ട് വിശദമായി വാദം കേട്ടു. തുടർന്നാണ് സർക്കാരിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. സർക്കാരിൻ്റെ വിശദീകരണം ലഭിച്ചാൽ വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമെന്നാണ് ഹരജിക്കാരുടെ പ്രതീക്ഷ.
തിടുക്കത്തിൽ വിജ്ഞാപനമിറക്കേണ്ടിവന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഒമ്പത് മാസത്തോളം സമയം കിട്ടിയിട്ടും നഴ്സുമാർ പണിമുടക്ക് പ്രഖ്യാപിച്ച ഘട്ടത്തിലാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ മിനിമം വേജ് അഡ്വൈസറി ബോർഡ് തുനിഞ്ഞത്. അതേസമയം, അന്തിമ ശിപാർശ ബോർഡിന്റെ ഏകാഭിപ്രായത്തോടെ നൽകാൻ കഴിഞ്ഞതുമില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശവും സെക്രട്ടറിമാരുടെ റിപ്പോർട്ടും സുപ്രീം കോടതി വിധിപ്രകാരമുള്ള കമ്മിറ്റിയുടെ ശിപാർശയും അട്ടിമറിച്ചാണ് മിനിമം വേജ് അഡ്വൈസറി ചെയർമാൻ അവസാന ബോർഡ് യോഗത്തിൽ പുതിയൊരു നിർദ്ദേശം വച്ചതും അതുതന്നെ അന്തിമ വിജ്ഞാപനമായി നിലവിൽ വന്നതും.
യുഎന്എക്ക് വേണ്ടി ജനറല് സെക്രട്ടറി സുജനപാല് അച്യുതനാണ് ഹര്ജി നല്കിയിട്ടുള്ളത്. ഇതോടൊപ്പം സഹകരണ മേഖലയിലും എന്ആര്എച്ച്എം, ആര്എസ്ബിവൈ മേഖലകളിലും കരാര് നഴ്സുമാര്ക്കും സ്വകാര്യ മേഖലയില് നടപ്പിലാക്കിയ ശമ്പളം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് റിട്ട് ഹര്ജി നല്കാനു യുണൈറ്റഡ് നഴ്സസ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, കെ.വി.എം ആശുപത്രി സര്ക്കാര് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്ത്തകന് സബീഷ് ബമണവേലി നല്കിയ കേസില് കക്ഷി ചേരാന് കോടതി യുഎന്എയെ അനുവദിച്ചു. അടുത്ത ആഴ്ച ഈ കേസ് കോടതി പരിഗണിക്കും.
