തിരുവനന്തപുരം: ഡെങ്കിപ്പനി ചികിത്സാ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ ആരോപിച്ചു. ചികില്‍സക്കെത്തുന്നവരുടെ കണക്കുകളും ഇത്തരം ആശുപത്രികള്‍ സര്‍ക്കാറിന് നല്‍കുന്നില്ല. ഇത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ മാത്രം 106പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പനി പിടിപെട്ടെത്തുന്ന രോഗികള്‍ക്കുള്ള ചികിത്സ എങ്ങനെ വേണമെന്നത് കൃത്യമായ നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. കിടത്തി ചികിത്സ വേണ്ട സന്ദര്‍ഭങ്ങള്‍, മരുന്നുകളും കുത്തിവയ്പും എങ്ങനെ വേണം ഇതെല്ലാം വിശദമാക്കിയാണ് ചികിത്സാ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സ്വകാര്യ ആശുപത്രികള്‍ പാലിക്കുന്നില്ലെന്നാണ് ആരോപണം. സ്വകാര്യ മേഖലയില്‍ ചികിത്സ തേടുന്ന പല രോഗികളും രോഗം മൂര്‍ച്ഛിച്ച ശേഷം സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പനി ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികളുടെ കൃത്യമായ കണക്കുകള്‍ പോലും ഇവര്‍ സര്‍ക്കാരിലേക്ക് നല്‍കുന്നില്ല. ഇതിനെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്ത് ഊര്‍ജിത രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണവും വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണവും തുടങ്ങും. കൊതുകുകളെ നശിപ്പിക്കാനുള്ള ഫോഗിങ്ങിനും തുടക്കമായി. ഇതിനിടെ പകര്‍ച്ചവ്യാധി പരിശോധനകള്‍ക്ക് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജി രംഗത്തെത്തിയിട്ടുണ്ട്.