തൊഴിലാളികളെ ഡിജിറ്റൽ അന്തരീക്ഷത്തിൽ നിന്നും സ്വതന്ത്രരാക്കി ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തരാക്കുന്ന തരത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്.

ദില്ലി: ജോലി സമയം കഴിഞ്ഞ് തൊഴിൽദാതാവിന്റെ ഫോൺ കോളുകൾ അവ​ഗണിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനായുള്ള സ്വകാര്യ ബില്‍ പാർലമെന്റിൽ അവതരിപ്പിച്ചു. എൻ സി പി എം പി സുപ്രിയ സുലേയാണ് ബില്‍ അവതരിപ്പിച്ചത്. സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവനക്കാരന്റെ വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുക എന്നിവയാണ് ദി റൈറ്റ് റ്റു ഡിസ്‌കണക്റ്റ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ പറഞ്ഞു.

ജോലി സമയം കഴിഞ്ഞതിന് ശേഷമുള്ള ആളുകളുടെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനായി ഐ ടി, കമ്യൂണിക്കേഷൻ, തൊഴിൽ മന്ത്രിമാരടങ്ങുന്ന ക്ഷേമ സമിതി സ്ഥാപിക്കണമെന്ന നിർദ്ദേശവും ബിൽ മുന്നോട്ട് വെക്കുന്നു. 10ലധികം ജോലിക്കാരുള്ള സ്ഥാപനങ്ങള്‍ അംഗങ്ങളുമായി കൂടിയാലോചിച്ച് ക്ഷേമ സമിതി ആരംഭിക്കാനും ബില്ലില്‍ നിർദ്ദേശമുണ്ട്.

തൊഴിലാളികളെ ഡിജിറ്റൽ അന്തരീക്ഷത്തിൽ നിന്നും സ്വതന്ത്രരാക്കി ചുറ്റുപാടുമായി ഇടപഴകാന്‍ പ്രാപ്തരാക്കുന്ന തരത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ കൗണ്‍സിലിങ് സെന്ററുകള്‍, ഡിജിറ്റല്‍ ഡീട്ടോക്‌സ് സെന്ററുകള്‍ എന്നിവ സ്ഥാപിക്കാനും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്.

ജീവനക്കാർക്ക് മുഴുവന്‍ സമയവും തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നത് ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം, വൈകാരിക സംഘര്‍ഷം എന്നിവയ്ക്ക് കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. അവധി ദിവസങ്ങളിലും കോളുകള്‍ക്കും, ഇ-മെയിലുകള്‍ക്കും മറുപടി കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നത് അവരുടെ ജീവിതത്തെയും ബാധിക്കുമെന്ന് സുപ്രിയ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.