ഡാമിലേക്ക് മാലിന്യം ഒഴുക്കുന്നതായും പരാതി
വയനാട്: പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍നിന്ന് സ്വകാര്യ റിസോര്‍ട്ടുകള്‍ ജലമെടുക്കുന്നതായി പരാതി. ഡാമിന്റെ പരിസരത്തായി ഇരുനൂറിലധികം റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉണ്ട്. ഇവയില്‍ ചില റിസോര്‍ട്ടുകാരാണ് ഡാമില്‍ നിന്ന് വന്‍ തോതില്‍ ജലചൂഷണം നടത്തുന്നത്. എന്നാല്‍ ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ ജലം മോഷ്ടിക്കുമ്പോഴും ഇതിന് ഒത്താശ ചെയ്യുന്ന തരത്തിലാണ് അധികൃതരുടെ പെരുമാറ്റം.
ഡാമുള്‍പ്പെടുന്ന പ്രദേശമടക്കം ജില്ലയിലൊട്ടുക്കും കടുത്ത ജലദൗര്‍ലഭ്യം അനുഭവിക്കുമ്പോഴാണ് അധികൃതര്‍ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയോട് അനുകമ്പ കാണിക്കുന്നത്. ഡാമിനോട് ചേര്‍ന്ന നിരവധി റിസോര്‍ട്ടുകളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ കെട്ടിപ്പൊക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ നിര്‍മിച്ച റിസോര്‍ട്ടുകളില്‍ പലതും പരസ്യമായി തന്നെ ഡാമിലേക്ക് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്.
പുതുതായി നിര്‍മിക്കുന്ന റിസോര്‍ട്ടുകളടക്കം വെള്ളത്തിന് ഡാമിനെ ആശ്രയിക്കുന്ന രീതി തുടരുകയാണ്. വെള്ളത്തിന്റെ ലഭ്യത കുറയുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലമൂറ്റലിന്റെ തോത് വന്‍തോതില്‍ ഉയരും. ചില റിസോര്‍ട്ടുകളില്‍നിന്ന് ഡാമിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതേക്കുറിച്ചും കാര്യമായ അന്വേഷണം നടക്കാറില്ല.
ചില റിസോര്‍ട്ടുകളുടെ നിര്‍മാണം സര്‍ക്കാര്‍ ഭൂമി കൈയേറിയാണെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇക്കാര്യങ്ങളും പരിശോധിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഡാമില്‍ അനധികൃതമായി മീന്‍പിടുത്തം നടത്തുന്നത് ഇത്തരം റിസോര്‍ട്ടുകളിലെത്തുന്നവരാണത്രേ. രാത്രികാലങ്ങളില്‍ മേഖലയിലെ റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ബോട്ടുകളില്‍ പട്രോളിങ് നടത്തണമെന്നും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് ജലചൂഷണമടക്കം കെണ്ടത്താന്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
