കോണ്‍ഗ്രസിന്റെ സീറ്റിംഗ് സീറ്റുകളില്‍ പോലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സഖ്യചര്‍ച്ചകളില്‍ നിന്ന് സമാജ്വ് വാദി പാര്‍ട്ടി ഏകപക്ഷീയമായി പിന്‍മാറിയത് ഇന്നലെ രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളെ ഞെട്ടിച്ചിരുന്നു. അമേതിയിലും റായ്ബറേലിയിലുമുള്ള കോണ്‍ഗ്രസ് സീറ്റുകളിലും എസ്പി സ്ഥാനാത്ഥികളെ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് മുന്‍കൈയ്യെടുത്ത പ്രിയങ്കാ ഗാന്ധി പ്രശ്‌ന പരിഹാരത്തിന് അഖിലേഷുമായി അടുപ്പമുള്ള ധീരജ് എന്ന ദൂതനെ ലക്‌നൗവിലേക്കയച്ചു. എന്നാല്‍ അഖിലേഷ് ഇതുവരെ കൂടിക്കാഴ്ചയ്ക്ക് തയ്യാറായിട്ടില്ല. 

അഖിലേഷ് ഒഴികെയുള്ള എസ്പി നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഗുലാംനബി ആസാദ് പ്രിയങ്കാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും അറിയിച്ചു. കോണ്‍ഗ്രസിന് നേരത്തെ വാഗ്ദാനം ചെയ്ത 100 സീറ്റു പോലും നല്കാനാകില്ലെന്നാണ് എസ്പി നേതാക്കളുടെ ഇപ്പോഴത്തെ നിലപാട്.. ഇതിനിടെ സംവരണം പിന്‍വലിക്കണമെന്ന നിലപാട് ആര്‍എസ്എസ് നേതാവ് മന്‍മോഹന്‍ വൈദ്യ തിരുത്തിയെങ്കിലും ഇത് എസ്പിയും ബിഎസ്പിയും തെരഞ്ഞെടുപ്പ് വിഷയമാക്കുകയാണ്.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് കാക്കാതെ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ വിള്ളല്‍ ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വയ്ക്കുന്ന ബിഎസ്പിയുടെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്.