ന്യൂഡല്‍ഹി: സോണിയക്ക് പകരം 2019-ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്നും താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രിയങ്ക ഗാന്ധി. റായബറേയില്‍ സോണിയ തന്നെ തുടര്‍ന്നും മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ പ്രിയങ്ക ഗാന്ധി പറഞ്ഞു. 

പാര്‍ട്ടി തലപ്പത്തേക്കെത്തുന്ന സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നിലുളളത് കഠിനമായൊരു യാത്രയാണെന്ന് പറഞ്ഞ പ്രിയങ്ക ഏത് പ്രതിസന്ധിയെ നേരിടാനുള്ള ധൈര്യവും രാഹുല്‍ ആര്‍ജ്ജിച്ചു കഴിഞ്ഞുവെന്നും വ്യക്തമാക്കി. 


രാഹുലിന് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കൈമാറിയ മാതാവ് സോണിയയെ ഓര്‍ത്ത് തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രിയങ്ക പറഞ്ഞു. പാര്‍ട്ടി അധ്യക്ഷയായി സോണിയ പ്രവര്‍ത്തിച്ച 20 വര്‍ഷവും അവരുടെ ജീവിതം അടുത്തു നിന്നു ഞാന്‍ കണ്ടിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ എന്ന പദവിയില്‍ അവരുടെ തുടക്കത്തിലുള്ള പ്രവര്‍ത്തനവും, പിന്നീട് പലതരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്ത രീതിയും തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.