ചെന്നൈ: ആവണി അവിട്ടം ദിനത്തില്‍ സവര്‍ണമേധാവിത്തത്തിനെതിരെ ചെന്നൈയില്‍ പന്നികള്‍ക്ക് പൂണൂലിട്ട് ദ്രാവിഡ സംഘടനയുടെ പ്രതിഷേധം. ബ്രാഹ്മണ സമുദായത്തിന്റെ ആഘോഷമായ ആവണി അവിട്ടം സംസ്ഥാനത്തിന്റെ മൊത്തം ആഘോഷമാക്കി മാറ്റുന്നതിനെതിരെയാണ് ദ്രാവിഡസംഘടനകള്‍ രംഗത്തെത്തിയത്. ചെന്നൈയില്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തിനടുത്ത് ദ്രാവിഡകഴകത്തിന്റെ അമരക്കാരിലൊരാളായ സി എന്‍ അണ്ണാ ദുരൈയുടെ പ്രതിമയ്‌ക്ക് മുന്നിലായിരുന്നു ടിപിഡികെയുടെ പ്രതിഷേധം.
തമിഴ് സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം പൊലീസ് ഇടപെട്ട് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.എട്ട് പ്രവര്‍ത്തകരെയും നാല് പന്നികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.സമരക്കാരെത്തുമെന്ന വിവരത്തെത്തുടര്‍ന്ന് രാവിലെത്തന്നെ പൊലീസ് വലയും വിരിച്ച് കാത്തിരുന്നു. പതിനൊന്നരയോടെ പന്നിക്കുട്ടികളുമായെത്തിയ പ്രതിഷേധക്കാരെ പൊലീസ് ഉടന്‍ കസ്റ്റഡിയിലെടുത്തു നീക്കി.
പന്നിക്കുട്ടികളെ ചാക്കിലാക്കി നഗരസഭയുടെ വണ്ടിയിലേയ്‌ക്ക്. ബ്രാഹ്മണ മേധാവിത്തത്തിനും ഹിന്ദുത്വ ഭരണകൂടങ്ങള്‍ക്കുമെതിരെയാണ് പ്രതിഷേധമെന്ന് ദ്രാവിഡസംഘടനാപ്രവര്‍ത്തകര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ബ്രാഹ്മണര്‍ ആണ്ടോടാണ്ട് പൂണൂല്‍ മാറ്റുന്ന ആഘോഷദിവസമാണ് ആവണി അവിട്ടം. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഘോഷമാക്കി മാറ്റുന്നതിനെ മുന്‍പും ദ്രാവിഡസംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു.
ദ്രാവിഡരെ തരംതാഴ്ത്തുന്ന രീതിയില്‍ ഉത്തരേന്ത്യയില്‍ രാവണന്റെ കോലം കത്തിയ്‌ക്കുന്ന രാമലീലയ്‌ക്ക് സമാന്തരമായി രാമന്‍റെയും ലക്ഷ്മണന്റെയും കോലം കത്തിയ്‌ക്കുന്ന രാവണലീല നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടും ടിപിഡികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
