ബെംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍. കന്നഡ സിനിമാ നിര്‍മാതാവ് വിരേഷാണ് തിങ്കളാഴ്ച അറസ്റ്റിലായത്. സിനിമയിലെ വേഷത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

അടുത്ത സിനിമയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ പെണ്‍കുട്ടിയെ ഹൊസൂരിലെ ഓഫീസിലേയ്ക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ വീടിനുള്ളില്‍ പൂട്ടിയിട്ട പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയോട് വിരേഷ് മാപ്പ് പറയണമെന്ന ആവശ്യവും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുന്നോട്ടുവച്ചിരുന്നു. നടന്ന സംഭവമെല്ലാം ബന്ധുക്കള്‍ ഫോണില്‍ പകര്‍ത്തി. അബദ്ധത്തില്‍ പറ്റിയതാണെന്ന പ്രതിയുടെ കുറ്റസമ്മതവും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.