കൊച്ചി: ഒരു മാസം നീണ്ട സംസ്ഥാനത്തെ മൾട്ടിപ്ലക്സ് സമരം ഒത്തുതീർന്നു. എ ക്ലാസ് തീയറ്റർ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്സ് അധികൃതർ ഉറപ്പ് നൽകിയെന്ന് വിതരണക്കാർ അറിയിച്ചു. ഇതോടെ റംസാൻ സിനിമ റിലീസുകളുടെ പ്രതിസന്ധി നീങ്ങി. കൊച്ചിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഒരു മാസത്തിലധികം നീണ്ട മൾട്ടിപ്ലക്സ് സമരത്തിന് വിരാമമായത്. ഒത്തുതീർപ്പ് ധാരണയനുസരിച്ച് എ ക്ലാസ് തീയറ്റർ വിഹിതം നൽകാമെന്ന് മൾട്ടിപ്ലക്സ് അധികൃതർ വിതരണക്കാർക്ക് ഉറപ്പ് നൽകി. 

നടൻ ദിലീപിന്റെ നേതൃത്വത്തിലുളള ഫിലിം എക്സ്ബിറ്റേർസ് യുണൈറ്റഡ് ഓർഗനൈസേഷന്‍ ഓഫ് കേരള, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, എക്സിബിറ്റേർസ് അസോസിയേഷൻ എന്നിവരുടെ കോർ കമ്മിറ്റിയുമായി മൾട്ടിപ്ലക്സ് അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ റംസാൻ സിനിമ റിലീസുകളുടെ അനിശ്ചതത്വം നീങ്ങി. സംസ്ഥാനത്തെ തീയറ്റർ വരുമാനത്തിന്‍റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് മുപ്പത്തഞ്ചോളം വരുന്ന മൾട്ടിപ്ലക്സ് സ്ക്രീനുകളാണ്. 

സമരം തീർന്നില്ലെങ്കിൽ റംസാൻ മുന്നിൽകണ്ട് ഒരുക്കിയ സിനിമകൾ എന്ന് റിലീസ് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലായിരുന്നു സിനിമാക്കാർ.
പ്രതിസന്ധി തീർന്നതോടെ ഫഹദ് ഫാസിലിന്‍റെ തൊണ്ടി മുതലും ദൃക്‌സാക്ഷിയും, റോൾ മോഡൽസ്, പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ടിയാൻ, വിനീത് ശ്രീനിവാസന്‍റെ ഒരു സിനിമാക്കാരൻ, അവരുടെ രാവുകൾ എന്നീ ചിത്രങ്ങൾ ഈദ് റിലീസായി തീയറ്ററുകളിലെത്തും.