സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കി പാക്കറ്റുകൾ മാറ്റിയത് കമ്പനി നേരിട്ടാണെന്നാണ് ഉടമകൾ

കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ പുതിയ പാക്കറ്റിലാക്കി വിപണിയിലെത്തിച്ച സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദാക്കി. കൊച്ചി മരടിൽ പ്രവർത്തിക്കുന്ന കാർവാർ എന്ന് സ്ഥാപനത്തിനെതിരെയാണ് നഗരസഭയുടെ നടപടി. പാക്കറ്റുകൾ മാറ്റിയത് കമ്പനി നേരിട്ടാണെന്നാണ് ഉടമകൾ വെളിപ്പെടുത്തുന്നത്.

മരട് നെട്ടൂർ പിഡബ്ളുഡി റോഡിൽ പ്രവൃത്തിക്കുന്ന കാർ വാർ എന്ന സ്ഥാപനത്തിൽ മരട് നഗരസഭ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിരം പുറത്തായത്. കേരളത്തിലെ വിപണിയിൽ വിൽപ്പന നടത്തുന്ന 20 ഓളം പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുതിയ പാക്കറ്റിലാക്കി വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു ഇവിടെ.സംഭവം പുറത്ത് വന്നതോടെ ശക്തമായ നടപടിയുമായി നഗരസഭ രംഗത്ത് വന്നു

രാവിലെ ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലാ ഓഫീസറുടെ നേതൃത്വത്തിൽ ഗോഡൗണിലെത്തി വീശദമായ പരിശോധന നടത്തി. ഉൾപ്പന്നങ്ങളുടെ സാമ്പിളുകളും തീയ്യതി മാറ്റിയെത്തിച്ച കവറുകളും ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച ശേഷം കൂടുതൽ നടപടിയുണ്ടാകുമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ അറിയിച്ചു

എന്നാൽ കമ്പനി പ്രതിനിധികൾ നേരിട്ടാണ് കാലാവധി കഴിഞ്ഞ സാധനങ്ങൾ പുതിയ കവറിലേക്ക് മാറ്റിയതെന്ന് സ്ഥാപനം ഉടമയുടെ ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമിഴ്നാട് സ്വദേശി ശിവ എന്നയാളുടെ ഉടമസ്ഥതയിലാണ് സ്ഥാപനം. റെയ്ഡ് വിവരം പുറത്ത് വന്നതോടെ ഇയാൾ ഒളിവിലാണ്. സ്ഥപനത്തിനെതിരെ കേസ് എടുക്കുമെന്ന് മരട് പോലീസും അറിയിച്ചു.