Asianet News MalayalamAsianet News Malayalam

ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസത്തേയ്ക്കാക്കി

  • ഇന്‍ബോര്‍ഡ് വള്ളത്തോടൊപ്പം ഇക്കുറി ഒരു കാരിയര്‍ വള്ളം മാത്രം
  • യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കില്ല
prohibition trolling 52 days

തൃശൂര്‍: ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസത്തേയ്ക്കാക്കി. ജൂണ്‍ ഒമ്പതിനു അര്‍ധരാത്രി മുതല്‍ ജൂലൈ അര്‍ധരാത്രി വരെയാണ് ട്രോളിങ് നിരോധനം. നിരോധന കാലയളവില്‍ കടലില്‍ പോകുന്ന ഇന്‍ബോര്‍ഡ് വള്ളത്തോടൊപ്പം ഇക്കുറി ഒരു കാരിയര്‍ വള്ളം മാത്രമാകും അനുവദിക്കുക. ഇതിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ യാനമുടമകള്‍ ഫിഷറീസ് ഓഫീസില്‍ അറിയിക്കണം. ജൂണ്‍ ഒമ്പത് അര്‍ധരാത്രിക്കു മുമ്പായി തീരത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ യന്ത്രവത്കൃത ബോട്ടുകളും കേരളതീരം വിട്ടുപോകണം. അല്ലാത്തവ അതത് ബേസ് ഓഫ് ഓപ്പറേഷനില്‍ നങ്കൂരമിടണം.

തീരദേശത്തും ഹാര്‍ബറുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്കൊഴികെ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്‍കരുത്. അല്ലാത്ത ബങ്കുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കായലുകള്‍, ബോട്ട് ജെട്ടികള്‍ എന്നിവയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ നിരോധന കാലയളവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇന്‍ ബോര്‍ഡ് വള്ളങ്ങള്‍ക്കായി മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 

കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒരു ബോട്ട് വാടകയ്ക്കു എടുക്കും. അഞ്ച് കടല്‍രക്ഷാ ഗാര്‍ഡുമാരെ നിയമിക്കും. കടല്‍ സുരക്ഷാ അംഗങ്ങളായി സേവനം അനുഷ്ഠിക്കാന്‍ താല്‍പര്യമുള്ളവരുടെ പട്ടിക അതത് പ്രാദേശിക ജാഗ്രതാസമിതികള്‍ ഫിഷറീസ് അധികൃതര്‍ക്ക് അടിയന്തരമായി നല്‍കണം. കടല്‍ പട്രോളിംഗ്, ക്രമസമാധാന പാലനം എന്നിവയ്ക്കായി 24 മണിക്കൂറും പൊലീസ് സേനാംഗങ്ങളെ ലഭ്യമാക്കാന്‍ പൊലീസ് അധികാരികള്‍ക്ക് ഫിഷറീസ് വകുപ്പ് നിര്‍ദേശം നല്‍കി. നിശ്ചയിക്കപ്പെട്ട തീര കേന്ദ്രങ്ങളില്‍ അഞ്ചുവീതം പൊലീസുകാരെ കൂടുതലായി നിയോഗിക്കും. 

നിരോധന കാലയളവില്‍ മത്സ്യബന്ധന തൊഴിലാളികള്‍ ബയോമെട്രിക് കാര്‍ഡ് കൈവശം വയ്ക്കണം. കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കാത്ത ബോട്ടുകളും ഇന്‍ബോര്‍ഡ് വള്ളങ്ങളും ട്രോളിംഗ് നിരോധനം തീരുംമുമ്പ് കളര്‍ കോഡിംഗ് പൂര്‍ത്തിയാക്കണം. നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള സൗജന്യ റേഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്. സാജു പറഞ്ഞു. 

തീരദേശ പട്രോളിംഗ് ശക്തമാക്കാന്‍ റൂറല്‍, സിറ്റി, ജില്ലാ പൊലീസ് അധികാരികള്‍ക്കും യോഗം നിര്‍ദേശം നല്‍കി. ട്രോളിംഗ് നിരോധനം സംബന്ധിച്ച് ജില്ലകളില്‍ യോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ തെരച്ചില്‍ നടത്തുന്ന തിനുള്ള ഇന്ധന ചെലവുള്‍പ്പെടെ ചെലവുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി നല്‍കാന്‍ അതത് തഹസില്‍ദാര്‍മാരെ ചുമതല പ്പെടുത്തി. ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിനും കടല്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പ്രത്യേക കണ്‍ട്രോള്‍ റൂമുകളും തുറന്നു.

Follow Us:
Download App:
  • android
  • ios