കോഴിക്കോട്:   മരം സൂക്ഷിക്കാനുള്ള സ്ഥലം സ്വന്തമായി വേണമെന്ന പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ നിബന്ധന കല്ലായിയിലെ മര വ്യാപാരത്തിന് തിരിച്ചടിയാകുന്നു. ചക്രശ്വാസം വലിക്കുന്ന കല്ലായിലെ മര വ്യാപാരത്തെ രക്ഷിക്കാന്‍ നിബന്ധനയില്‍ ഇളവ് വേണമെന്നാണ് മരക്കച്ചവടക്കാര്‍ ആവശ്യപ്പെടുന്നത്. 

മരവ്യവസായ മേഖലയിലെ മില്ലുകള്‍ക്ക് മരമിറക്കി സൂക്ഷിക്കാന്‍ സ്വന്തമായി സ്ഥലം വേണമെന്നാണ് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ പ്രധാന നിബന്ധന. മരം സൂക്ഷിക്കാനായി മില്ലുടമകള്‍ക്കും മരക്കച്ചവടക്കാര്‍ക്കും വനം വകുപ്പാണ് പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കേണ്ടത്. സ്ഥലത്തിന്റെ കൈവശ രേഖയുടെ അടിസ്ഥാനത്തിലാണ് ഇത് നല്‍കുന്നത്.

കോഴിക്കോട് കല്ലായിയില്‍ പതിറ്റാണ്ടുകളായി പുഴയോരത്താണ് മരങ്ങള്‍ സൂക്ഷിക്കുന്നത്. കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഭൂമിയില്‍ അധികവും പുഴയോരമായതിനാല്‍ കൈവശം സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ വകുപ്പ് വിസമ്മതിച്ചു. അതുകൊണ്ട് തന്നെ കല്ലായില്‍ വിരലില്‍ എണ്ണാവുന്ന കച്ചവടക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ ഉള്ളത്. ജില്ലയ്ക്ക് പുറത്തേക്ക് മര ഉരുപ്പടികള്‍ വില്‍ക്കണമെങ്കില്‍ പ്രോപ്പര്‍ട്ടി മാര്‍ക്ക് രജിസ്‌ട്രേഷന്‍ വേണമെന്നാണ് നിയമം.

പ്രോപ്പര്‍ട്ടിമാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ സ്വന്തമായി ഭൂമി വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് മരകച്ചവടക്കാരുടെ ആവശ്യം. കല്ലായിലെ തടിക്കച്ചവടത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമന്നും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.