വിദേശ തൊഴില്‍ വിസയ്‌ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികളുമായി പുതിയ തൊഴില്‍ നിയമാവലി പ്രാബല്യത്തില്‍ വന്നതായി കഴിഞ്ഞ ദിവസം സൗദി തൊഴില്‍ മന്ത്രി മുഫ്രിജ് അല്‍ ഹഖബാനി അറിയിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് എഴുപത്തിയഞ്ച് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കണം എന്നതാണ് പ്രധാനപ്പെട്ട ഒരു ഭേതഗതി. എന്നാല്‍ മതിയായ സ്വദേശികളെ കിട്ടാതെ വരുമ്പോള്‍ തൊഴിലുടമയ്‌ക്ക് തല്‍ക്കാലം ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവു വരുന്ന തസ്തികകളെ കുറിച്ച വിവരം തൊഴില്‍ മന്ത്രാലയത്തെ അറിയിക്കണം. യോഗ്യരായ സൗദി ജീവനക്കാരെ ആവശ്യമെങ്കില്‍ മന്ത്രാലയം തന്നെ നാമനിര്‍ദേശം ചെയ്യും. ബിനാമിയാണെന്ന് തെളിഞ്ഞ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി തൊഴിലാളികളെ മറ്റു ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ വിസ അനുവദിക്കില്ല. ഈ സ്ഥാപനങ്ങളിലേക്ക് പുതിയ ജോലിക്കാരുടെ സ്‌പോണ്‍സര്‍ഷിപ് മാറുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും.
ഇരുപതിയഞ്ചില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാല് ശതമാനം തസ്തികകളും ഭിന്ന ശേഷിയുള്ളവര്‍ക്കായി നീക്കി വെക്കണം. അനധികൃത വിസാ കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ വിസാ സേവനങ്ങളും അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കും. ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കും തെറ്റായ വിവരം നല്‍കി വിസ കരസ്ഥമാക്കുന്ന സ്ഥാപനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തേക്ക് വിസ അനുവദിക്കില്ല. തൊഴില്‍ കേസുകളില്‍ സ്‌പോണ്‍സര്‍ ഹാജരാകാതിരിക്കുക, തുടര്‍ച്ചയായ മൂന്ന് മാസം ശമ്പളം നല്‍കാതിരിക്കുക, തൊഴിലുടമയുടെ ബിനാമി ബിസിനസിനെ കുറിച്ച വിവരം കൈമാറുക തുടങ്ങിയ സാഹചര്യങ്ങളില്‍ തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ തൊഴിലാളിക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ സംവിധാനം ഉണ്ടാക്കും. ജോലിസമയത്ത് മറ്റു സ്ഥലങ്ങളില്‍ കറങ്ങി നടന്നാല്‍ ഒരു ദിവസത്തെ ശമ്പളത്തിന്റെ പത്തു ശതമാനം കട്ട് ചെയ്യാം. രണ്ടാം തവണ ഇരുപത്തിയഞ്ച് ശതമാനവും മൂന്നാം തവണ അമ്പത് ശതമാനവും നാലാം തവണ ഒരു ദിവസത്തെ ശമ്പളം മുഴുവനായും പിഴയായി ഈടാക്കാം. വിവാഹത്തിന് അഞ്ച് ദിവസവും ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് മൂന്ന്‍ ദിവസവും അടുത്ത ബന്ധുക്കള്‍ മരിച്ചാല്‍ അഞ്ചു ദിവസവും അവധി നല്‍കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
