എറണാകുളം: കണ്ടനാട്ടെ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരായ പരാതികളിൽ പൊലീസ് സ്വീകരിച്ച നിലപാടിനെതിരെ പ്രോസിക്യൂഷൻ തന്നെ രംഗത്തെത്തി. പൊലീസ് അന്വേഷണം കൃത്യമല്ലെന്ന് പ്രോസിക്യൂഷൻ എറണാകുളം സെഷൻസ് കോടതിയിൽ അറിയിച്ചു. യോഗാ സെന്റർ ഡയറക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് അറിയിച്ചത്.

തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രം ഡയറക്ടർ മനോജ് ഗുരുജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് പൊലീസിനെതിരെ കടുത്ത നിലപാടുമായി പ്രോസിക്യൂഷൻ രംഗത്തെത്തിയത്. യോഗാ കേന്ദ്രത്തിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടെന്നും പൊലീസിന്റെ അന്വേഷണം കൃത്യമല്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ നിലപാടെടുത്തു. യോഗാ കേന്ദ്രത്തിനെതിരെ നൽകിയ പരാതിയിൽ ഇപ്പോൾ ചുമത്തിയ കുറ്റങ്ങൾക്കു പുറമേ മറ്റ് ഏതെല്ലാം വകുപ്പുകൾ നിലനിൽക്കുമെന്നുകൂടി പരിശോധിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വിശദമായ പരിശോധന ആവശ്യമായിരുന്നു. യോഗാ സെന്ററിനെതിരെ യുവതികൾ നൽകിയ പരാതികളിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടെന്ന് പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. അതിനാൽ തന്നെ യോഗാ കേന്ദ്രം ഡയറക്ടറായ മനോജിന് മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വാദംകേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയില്‍ വിധി പറയാനായി ഈ മാസം 13ലേക്ക് മാറ്റി. മിശ്രവിവാഹത്തിൽ നിന്ന് പിന്മാറാൻ യോഗാ കേന്ദ്രത്തിലെത്തിച്ച് മാനസികമായി പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് മൂന്നു യുവതികൾ നൽകിയിരിക്കുന്ന പരാതി.