കൊച്ചി: ദൈവത്തിന്റെ കൈ ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസ് ഡല്‍ഹിയിലെ നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ള ഒന്നായി മാറുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍. കേസിലെ മുഖ്യ പ്രതി സുനിൽ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രോസിക്യൂഷന്റെ പ്രതികരണം. ഈ കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ രഹസ്യമായി നടത്തണമെന്നും നടിയുടെ രഹസ്യ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിനു നൽകരുതെന്നും കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാൻ അനുവദിക്കണമെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
അതേസമയം കേസില്‍ നടൻ ദിലീപിന്‍റെ റിമാന്‍റ് കാലവധി അങ്കമാലി കോടതി നീട്ടി. ഓഗസ്റ്റ് എട്ട് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. ഇന്ന് നേരിട്ട് ഹാജറാകാതെ ദിലീപിനെ സ്കൈപ്പ് വഴിയാണ് ഹാജറാക്കിയത്. ഇന്നലെ ദിലീപിന്‍റെ ജാമ്യഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
14 ദിവസത്തേക്കാണ് റിമാന്‍റ് കാലവധി നീട്ടിയിരിക്കുന്നത്. സുരക്ഷ പ്രശ്നങ്ങളുടെ പേരില്‍ ദിലീപിനെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജറാക്കുവാന്‍ ഇന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുകയാണ്. ഇത് കോടതി അംഗീകരിച്ചു.
