മുംബൈ: കൊച്ചിയിൽ നിന്നും തിരിച്ചെത്തിയ ഭൂമാതാബിഗ്രേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും നാമജപ പ്രതിഷേധം. അർദ്ധ രാത്രിയോടെ മുംബൈയിൽ എത്തിയ തൃപ്‍തി ദേശായിക്ക് മണിക്കൂറുകൾ കാത്തുനിന്നതിനു ശേഷമാണ് വിമാനത്താവളത്തിനു പുറത്തെത്താനായത്. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

13 മണിക്കൂർ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനാവാതെ ശബരിമല ദർശനത്തില്‍ നിന്നും പിൻമാറി തിരികെ  എത്തിയതായിരുന്നു തൃപ്തി ദേശായി. ശരണം വിളിയും നാമജപവുമായി  മുംബൈ ഏയർപോർട്ടിനു മുന്നിൽ തടിച്ചു കൂടി വിശ്വാസികൾ തൃപ്തിയെ പുറത്തിറക്കാൻ അനുവദിച്ചില്ല. ഇതിനിടയിൽ സുരക്ഷ ക്രമീകരണങ്ങൾ ലംഘിച്ച് ചിലർ പ്രധാന കവാടത്തിലേക്ക് തള്ളി കയറാൻ ചിലർ ശ്രമിച്ചതോടെ  സുരക്ഷാ സേന ഇടപെട്ടു.

പുറത്തിറങ്ങിയാൽ ആക്രമണം ഉണ്ടാകും എന്ന്  സി ഐ എസ് എഫ്  പറഞ്ഞതോടെ തൃപ്തിയും സംഘവും വിമാനത്താവളത്തിനു ഉള്ളിൽ തന്നെ കഴിഞ്ഞു. മുംബൈയുടെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ മലയാളികളാണ് പ്രതിഷേധം നടത്തിയത് 

പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടതിനു ശേഷം മുംബൈ പൊലീസ് എത്തി മറ്റൊരു വഴിയിലൂടെ തൃപ്തിയെ  വിമാനത്താവളത്തിനു  പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നൽകിയ പ്രത്യേക സുരക്ഷയാണ് തൃപ്തി പൂനെയിലേക്ക് മടങ്ങിയത്.