പാലക്കാട്: പാലക്കാട് നഗരമധ്യത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട ബിവറേജസ് ഔട്ട്‍ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന സമരം അക്രമാസക്തമായി. പൊലീസിനെ കല്ലേറിഞ്ഞ സമരക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ്ജ് നടത്തി. മദ്യവിരുദ്ധ സമിതിയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തിലായിരുന്നു സമരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ ഒലവക്കോട്ട് പ്രവര്‍ത്തിച്ചു വന്ന ബിവറേജസ് ഔട്ട്‍ലെറ്റ് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് നഗരത്തിലെ ഒരു സ്വകാര്യ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് മാറ്റിയിരുന്നു. തൊട്ടടുത്ത് സ്കൂളും ആശുപത്രിയും വാണിജ്യസ്ഥാപനങ്ങളും ഉള്ളപ്പോള്‍ ഔട്ട്‍ലെറ്റ് ഇവടെ നിന്ന് മാറ്റണം എന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു.

ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് ജനകീയ മദ്യവിരുദധ സമിതിയുടെ നേതൃത്വത്തില്‍ മദ്യശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നത്. പൊലീസ് തടഞ്ഞതോടെ സമരക്കാര്‍ അക്രമാസക്തരായി. സമരക്കാര്‍ കല്ലേറു നടത്തിയതോടെ പൊലീസ് ലാത്തി വീശി. സമരക്കാരെ നിയന്ത്രിക്കാനാകാതെ വന്നതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പതിനഞ്ച് മിനിറ്റിന് ശേഷം സമരക്കാരെ കസ്റ്റഡിയിലെടുത്തു. ബിവറേജസ് ഔട്ട്‍ലെറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടി.