അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദേശീയ വാദ നയങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്ത്. വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണമെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് 10 ദിവസം നീണ്ടു നില്‍ക്കുന്ന റാലി സംഘടിപ്പിക്കാനൊരുങ്ങുകയാണ്. നാളെ വിര്‍ജീനിയയില്‍ തുടങ്ങുന്ന റാലി സെപ്റ്റംബര്‍ 6ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ അവസാനിക്കും. ഈ മാസം 12ന് വിര്‍ജീനിയയില്‍ ദേശീയവാദികള്‍ സംഘടിപ്പിച്ച റാലിയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ കൊല്ലപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. അന്ന് കടുത്ത ദേശീയവാദ നിലപാടുമായി തെരുവിലിറങ്ങിയവരെ കുറ്റപ്പെടുത്താതെ ട്രംപ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ പുതിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.