ട്രംപിന്‍റെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ അര്‍ധ നഗ്നനയായ യുവതി ബാരിക്കേഡുകള്‍ ചാടി എത്തുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ വ്യാജ സമാധാനസ്ഥാപകന്‍ എന്ന് എഴുതിയിരുന്നു

പാരീസ്: ഫ്രഞ്ച് സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് നേരെ മാറിടം കാട്ടി യുവതിയുടെ പ്രതിഷേധം. ട്രംപിന്‍റെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ അര്‍ധ നഗ്നനയായ യുവതി ബാരിക്കേഡുകള്‍ ചാടി എത്തുകയായിരുന്നു. യുവതിയുടെ നെഞ്ചില്‍ 'വ്യാജ സമാധാനസ്ഥാപകന്‍' എന്ന് എഴുതിയിരുന്നു.

ഒന്നാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനാണ് ട്രംപ് പാരീസില്‍ എത്തിയത്. ബാരിക്കേഡുകള്‍ ചാടിയെത്തിയ യുവതിയെ ട്രംപിന്‍റെ വാഹനവ്യൂഹത്തിന് ഏതാനും മീറ്ററുകള്‍ക്ക് അകലെ വച്ച് പൊലീസ് തടഞ്ഞു.

'ഫീമെന്‍' എന്ന സ്ത്രീവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന യുവതിയാണ് പ്രതിഷേധം നടത്തിയതെന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വംശീയത, ലിംഗവിവേചനം അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധം നടത്തുന്ന സംഘടനയാണ് ഫീമെന്‍. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

നേരത്തെ, അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ട്രംപിന് വൻ തിരിച്ചടി നേരിട്ടിരുന്നു. എട്ട് വർഷത്തിന് ശേഷം ജനപ്രതിനിധി സഭ ഡെമോക്രാറ്റുകൾ തിരിച്ചു പിടിച്ചു. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തി.

435 അംഗ ജനപ്രതിനിധി സഭയിലെ എല്ലാ സീറ്റിലേക്കും 100 അംഗ സെനറ്റിലെ 35 സീറ്റിലേക്കുമാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. ഇതിനോടൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് വേണ്ടിയും ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചു.