2011ല്‍ അമേരിക്കയില്‍ വച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് വിവാദമായിരിക്കുന്നത്. ശശികല ജോലി ചെയ്യുന്ന വല്ലപ്പുഴ സ്കൂള്‍ ഉള്‍പ്പെടുന്ന പ്രദേശം ജില്ലയിലെ പാകിസ്ഥാനാണ് എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. യു ട്യൂബില്‍ പ്രസംഗം വൈറലായതോടെ വിദ്വേഷപ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരെ കേസെുത്തു. ഇതിനിടെയാണ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാത്ത പക്ഷം ശശികലയെ അധ്യാപികയായി തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചത്. തുടര്‍ന്ന് എസ്.ഐയുടെയും വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം നടത്തി പ്രശ്നം പരിഹരിച്ചു. വല്ലപ്പുഴയേ സ്‌കൂളിനേയൊ അപകീര്‍ത്തിപ്പെടുത്താനായിരുന്നില്ല തന്റെ പരാമര്‍ശമെന്നും നാടിന്റെ മതേതരത്വ നിലപാട് വിശദീകരിക്കാനായിരുന്നു പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നുമാണ് ശശികലയുടെ പ്രതികരണം. പ്രതിഷേധം അവസാനിച്ച സാഹചര്യത്തില്‍ സ്കൂള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.