സിപിഎം ചെർപ്ലശേരി ഏരിയ കമ്മിറ്റി യോഗത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമർശനം. ചെറുപ്പുളശേരിയിലെ പൊതുപരിപാടിയിൽ ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവർത്തകരുടെ നടപടി ശരിയായില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ . ഒളിംപിക്സിൽ മെഡൽ കിട്ടിയിട്ടാണോ സ്വീകരണം നൽകിയതെന്നും ഇതിന് ആരാണ് നിർദ്ദേശം നൽകിയതെന്നും വിമർശനമുയര്‍ന്നു.
ഷൊര്‍ണൂര്‍: സിപിഎം ചെറുപ്പുളശേരി ഏരിയ കമ്മിറ്റി യോഗത്തിൽ പികെ ശശിക്കെതിരെ രൂക്ഷ വിമർശനം. ചെറുപ്പുളശേരിയിലെ പൊതുപരിപാടിയിൽ ശശിയെ മാലയിട്ട് സ്വീകരിച്ച പ്രവർത്തകരുടെ നടപടി ശരിയായില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ. ഒളിമ്പിക്സിൽ മെഡൽ കിട്ടിയിട്ടാണോ സ്വീകരണം നൽകിയതെന്നും ഇതിന് ആരാണ് നിർദ്ദേശം നൽകിയതെന്നും വിമർശനമുയര്‍ന്നു.
മേല്‍ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച യോഗത്തില്‍ പ്രധാന അജണ്ടയായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്ന കാര്യങ്ങളായിരുന്നു. എന്നാല്‍ യോഗത്തില്‍ രണ്ടര മണിക്കൂറോളം പികെ ശശിക്കെതിരായ വിമര്‍ശനമായിരുന്നു നടന്നത്.
ഇന്ന് പങ്കെടുത്ത 17 ഏരിയ കമ്മിറ്റി അംഗങ്ങളില്‍ 15 അംഗങ്ങളും ശശിക്കെതിരെ നിലപാടെടുത്തു. ആരോപണം ഉയര്‍ന്നതിന് ശേഷം ആദ്യ ഏരിയ കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്. നേരത്തെ മൂന്ന് തവണ യോഗം വിളിച്ചെങ്കിലും ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നു. ശശിയോടുള്ള വിമുഖത മുന്‍നിര്‍ത്തിയാണ് അംഗങ്ങള്‍ യോഗത്തിനെത്താതിരുന്നതെന്ന് അന്ന് തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഏരിയാ കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ ഒരുകൂട്ടം പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചത്.
എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.
തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്. അന്വേഷണം പ്രഖ്യാപിച്ച ശേഷം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എയെ സ്വീകരിച്ചത് ശരിയായില്ല എന്നാണ് ഒരു കൂട്ടം വിമര്‍ശനം ഉന്നയിച്ചത്. ഇതോടെ ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സുപ്രധാന കേന്ദ്രമായ ചെറുപ്പുളശേരി ഏരിയയില്‍ തന്നെ പ്രതിഷേധം രൂക്ഷമാണെന്നത് പികെ ശശിക്ക് കനത്ത തിരിച്ചടിയാകും.
