പ്രീത ഷാജിയുടെ വീട് ജപ്തിക്കിടെ സംഘർഷം, ജപ്തി അംഗീകരിക്കില്ലെന്ന് നാട്ടുകാര്‍
കൊച്ചി: രണ്ട് ലക്ഷം രൂപയുടെ ലോണിന് ജാമ്യം നിന്ന പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യുന്നതിനെതിരെ വൻ പ്രതിഷേധം. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. വീടിനുമുന്നിലെ വഴിയിൽ സമരക്കാർ പെട്രോളൊഴിച്ച് തീവച്ചു. അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വന് ദുരന്തം ഒഴിവായി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജപ്തി നടപടി.
കിടപ്പാടം ജപ്തിചെയ്യുന്നതിനെതിരെ ഇടപ്പള്ളി സ്വദേശി പ്രീത ഷാജി നിരാഹാര സമരം നടത്തിയിരുന്നു. പ്രീത ഷാജി നടത്തി വന്നിരുന്ന സമരം നിയമസഭയിൽ കളമശ്ശേരി എംഎൽഎ ഉന്നയിച്ചതോടെയാണ് നടപടിയെടുക്കാൻ മുഖ്യമന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്. തുടര്ന്ന് സമരപ്പന്തലിലെത്തിയ ഡെപ്യൂട്ടി കളക്ടർ ജപ്തി ഒഴിവാക്കാൻ സാധ്യമായ നടപടികളെടുക്കുമെന്ന് ഉറപ്പ് നൽകി. ഇതോടെ സമരം പിന്വലിക്കാന് കുടുംബം തയ്യാറായി.
എന്നാല് ഇടപെടലുകളൊന്നും ഫലം കാണാതെ വീട് ജപ്തി ചെയ്യാന് അധികൃതര് എത്തിയതോടെയാണ് പ്രീതയുടെ കുടുംബവും ഒപ്പം നാട്ടുകാരും സമരം ആരംഭിച്ചിരിക്കുന്നത്. ജപ്തി നടപടികള് തുടര്ന്നാല് ആത്മഹത്യചെയ്യുമെന്ന് പ്രീത ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ബാങ്കിന് അനകൂലമായ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇന്ന് ജപ്തി ചെയ്യാന് ഉദ്യോഗസ്ഥര് എത്തിയത്. സമരത്തെ തുടര്ന്ന് താല്ക്കാലികമായി ജപ്തി നടപടി നിര്ത്തിവച്ചിരിക്കുകയാണിപ്പോള്.
