റാഖൈന്‍: ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് പ്രതിഷേധം. ചുവപ്പ് ബാനറുകളും മന്ത്രങ്ങളുമായി ബുദ്ധ സന്യാസികള്‍ നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. രാജ്യത്തെ സംരക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

നമുക്കോ നമ്മുടെ രാജ്യത്തിനോ ബെംഗാളികളെക്കൊണ്ട് യാതൊരു ഗുണവുമില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ പ്രതിഷേധ മാര്‍ച്ചിന്‍റെ നേതാക്കള്‍ പറയുന്നുണ്ട്. റോഹിംഗ്യകളെ ബെംഗാളികളെന്നും  ലൈവില്‍ പറയുന്നുണ്ട്. 2017 ആഗസ്റ്റിലുണ്ടായ സൈനിക ആക്രമണത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത റോഹിംഗ്യകളെ  തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ഇരു രാജ്യത്തെയും ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.

റോഹിംഗ്യകളെ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് കഴിഞ്ഞ വര്‍ഷം തീരുമാനമുണ്ടായിരുന്നെങ്കിലും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിംഗ്യകള്‍ക്ക് തിരികെ പോവുന്നതിനെക്കുറിച്ച് ഭയമാണ്. പൗരത്വം, സുരക്ഷ, തുല്ല്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിലാണ് റോഹിംഗ്യകള്‍ക്ക് ഭയം. അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഓടിപ്പോയ അഭയാര്‍ത്ഥികളെ തിരികെ വരാന്‍ സമ്മതിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.