Asianet News MalayalamAsianet News Malayalam

മനോഹര്‍ പരീക്കര്‍ 48 മണിക്കൂറിനുള്ളില്‍ രാജിവെയ്ക്കണമെന്ന് ആവശ്യം; വീട്ടിലേക്ക് പ്രതിഷേധം

ചില ഗവണ്‍മെന്‍റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. 

protest demanding Manohar Parrikar resignation
Author
Panaji, First Published Nov 21, 2018, 10:07 AM IST

പനാജി: അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലുളള  ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലേക്ക് പ്രതിഷേധം. ഒരു മുഴുവന്‍ സമയ മുഖ്യമന്ത്രി വേണമെന്നും അതിനാല്‍ 48 മണിക്കൂറിനുളളില്‍ പരീക്കര്‍ രാജിവെയ്ക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചില ഗവണ്‍മെന്‍റ് ഇതര സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ പരീക്കര്‍ മുഖ്യമന്ത്രി പദം ഒഴിയണമെന്ന് മാത്രമാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്.

ഒമ്പത് മാസത്തിലേറിയായി പരീക്കര്‍ ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലായിരുന്നുവെന്ന് അവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വീടിന്‍റെ 100 മീറ്റര്‍ അകലെ മാര്‍ച്ച് പൊലീസ് തടഞ്ഞു. കോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോണ്ടാകര്‍ അടക്കമുള്ള നേതാക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ഇതിനിടെ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോ​ഗ്യ സ്ഥിതി ഭദ്രമെന്ന് ആശുപത്രി അധികൃതരുടെ ഔദ്യോ​ഗിക റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അദ്ദേഹം മെച്ചപ്പെട്ട ആരോ​ഗ്യാവസ്ഥയിലേക്ക് തിരികെ എത്തുകയാണെന്നും സർക്കാരിന്റെ ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു.

അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പാൻക്രിയാറ്റിക് രോഗം ബാധിച്ച് ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ ചികിത്സയിലായിരുന്നു മനോഹർ പരീക്കർ. ഇവിടെ നിന്ന് ഡിസ്ചാർജ്ജ് ആയതിന് ശേഷം സ്വകാര്യ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം.

Follow Us:
Download App:
  • android
  • ios