കൊച്ചി: യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് കേസിനെ ദുര്‍ബലപ്പെടുത്താന്‍ ഇടയുണ്ടെന്നും സമരത്തിന്റെ പരാജയമാണ് യുവതി പ്രവേശനത്തിലേക്ക് നയിച്ചതെന്നും തുറന്ന് സമ്മതിച്ച് അയ്യപ്പ ധർമ സേനാ പ്രസിഡന്റ് രാഹുൽ ഈശ്വർ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. പൊലീസ് സേനയെ ഉപയോഗിച്ച് വരെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു.

ശബരിമലയിൽ ഇഷ്ടംപോലെ സ്ത്രീകൾ പ്രവേശിക്കുന്നുണ്ട്, ഒരു കുഴപ്പവുമില്ല എന്നു വരുത്തിത്തീർത്ത് സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ ബലം കിട്ടുന്നതിനു വേണ്ടിയുള്ള കള്ളക്കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇത്തരം കള്ളക്കളികള്‍ പിണറായി വിജയനേപ്പോലെ ഒരാളില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു. വേറെ പത്തു സ്ത്രീകള്‍ കയറിയെന്നും ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയെന്നുമുള്ള വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

മുഖ്യമന്ത്രി ഉൾപ്പെടുന്ന കണ്ണൂർ ലോബിയുടെ ഇടപെടലാണ് ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും അറിയാതെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിന് പിന്നില്‍ എന്നും രാഹുല്‍ ആരോപിച്ചു. ജാതി രാഷ്ട്രീയം നിലവില്‍ കളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും രാഹുല്‍ പറഞ്ഞു. പൊലീസിനും മുഖ്യമന്ത്രിക്കും നട്ടെല്ലുണ്ടെങ്കിൽ ഞങ്ങളെ വകഞ്ഞു മാറ്റി സ്ത്രീകളെ ദർശനം നടത്തുകയാണ് വേണ്ടത്. യുവതികളെ ട്രാൻസ്ജെൻഡറുകളെന്ന് കള്ളം പറഞ്ഞ്, പതിനെട്ടാം പടി കയറ്റാതെ പിൻ ഗേറ്റിലൂടെ ദർശനത്തിന് കൊണ്ടു പോകില്ലായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.