വിവരാവകാശ കമ്മീഷൻറെ ചിറകരിയുന്നു പദവി വെട്ടിക്കുറയ്ക്കാൻ നീക്കം

ദില്ലി: മുഖ്യവിവരാവകാശ കമ്മീഷണറുടെയും കമ്മീഷണർമാരുടെയും അധികാരം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സെക്രട്ടറിമാർക്ക് തുല്യമായി ഇത് കുറയ്ക്കാനുള്ള കരട് ബില്ലാണ് കേന്ദ്ര സർക്കാർ തയ്യാറാക്കിയത്.

മുഖ്യവിവരാവകാശ കമ്മീഷണർക്കും കമ്മീഷണർമാർക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണർമാരുടെയും പദവി ഉണ്ടാകുമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഭരണഘടനയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് സുപ്രീം കോടതി ജഡ്ജിമാർക്കു തുല്യമായ പദവിയാണ് നല്‍കിയിരിക്കുന്നത്. അതായത് വിവരാവകാശ കമ്മീഷണർമാർക്കും നിലവിൽ സുപ്രീം കോടതി ജഡ്ജിമാർക്കു തുല്യമായ പദവിയുണ്ട്. ഇത് ആവശ്യമില്ല എന്ന നിർദ്ദേശിക്കുന്ന കരട് ബില്ലാണ് കേന്ദ്രസർക്കാർ തയ്യാറാക്കിയിരിക്കുന്നത്. 

മുഖ്യവിവരാവകാശ കമ്മീഷണർക്ക് കാബിനറ്റ് സെക്രട്ടറിയുടെ പദവി മതിയെന്ന് സർക്കാർ വാദിക്കുന്നു. കമ്മീഷണർമാർക്ക് സെക്രട്ടറിമാരുടെയും. വിവരവകാശ നിയമത്തെ ദുബലപ്പെടുത്താനുളള നീക്കത്തിന്റെ ഭാഗമാണിതെന്ന് മുൻ മുഖ്യ വിവരാവകാശ കമ്മീഷണർമാരായ വജാഹത്ത് ഹബീബുള്ള, സുഷമ സിംഗ് എന്നിവർ പ്രതികരിച്ചു. ബില്ല് പാർലമെൻറിൽ വന്നാൽ അനുകൂലിക്കില്ലെന്ന സൂചനയാണ് കോൺഗ്രസ് നല്കുന്നത്.