വൈകീട്ട് മൂന്ന് മണിക്ക് ജന്തർ മന്ദറിലാണ് അയ്യപ്പ നാമ ജപ യാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്
ദില്ലി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബെംഗളൂരുവില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുന്നു. വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തജന സംഘടനകൾ പ്രതിഷേധ യോഗങ്ങളും ജാഥകളും സംഘടിപ്പിക്കുകയാണ്.
കർണാടക,തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളളവരും പങ്കെടുത്തു. വിധിക്കെതിരെ ഇന്ന് ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. വൈകീട്ട് മൂന്ന് മണിക്ക് ജന്തർ മന്ദറിലാണ് അയ്യപ്പ നാമ ജപ യാത്ര എന്ന് പേരിട്ടിരിക്കുന്ന പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ അഖില ഭാരത അയ്യപ്പ പ്രചാരണസഭയുടെ നേതൃത്വത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ത്രീപ്രവേശന വിധിയിൽ പുനപരിശോധനാ ഹർജി നൽകാത്ത ദേവസ്വം ബോർഡ് നിലപാടിലും, യുവമോർച്ച സംഘടിപ്പിച്ച സമരത്തിൽ പ്രവർത്തകർക്ക് പൊലീസ് മർദ്ദനമേറ്റതിലും പ്രതിഷേധിച്ച് കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.
രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ആവശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രകാശ് ബാബു ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു. സ്ത്രീപ്രവേശന വിഷയത്തിൽ പതിനൊന്നാം തിയ്യതി പന്തളത്തും ബിജെപി സമരം സംഘടിപ്പിക്കും.
