ടെക്സ്റ്റൈൽസ് അനുവദിച്ച വാടകക്കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടത്.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുള്ള ജീവനക്കാരിയുടെ മൃതദേഹവുമായി തിരുവനന്തപുരം രാമചന്ദ്രന്‍ ടെക്സ്റ്റൈൽസിൽ ബന്ധുക്കളുടെ പ്രതിഷേധം. ധനസഹായവും മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണവും നൽകാമെന്ന് സ്ഥാപനം ഉറപ്പ് നൽകിയതോടെയാണ് സമരം തീർന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

സാത്താൻ കുളം സ്വദേശി രൂപയെയാണ് കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. ടെക്സ്റ്റൈൽസ് അനുവദിച്ച വാടകക്കെട്ടിടത്തിലായിരുന്നു മൃതദേഹം കണ്ടത്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെ ധനസഹായമായി ഒരു ലക്ഷം രൂപ നൽകുമെന്ന് മാനേജ്മെന്റ് ഉറപ്പു നൽകി. തൊഴിൽ പ്രശ്നങ്ങളല്ല ആത്മഹത്യക്ക് കാരണമെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം. അസ്വാഭാവിക മരണത്തിനാണ് ഫോർട്ട് പൊലീസ് കേസെടുത്തത്. രൂപയുടെ മൃതദേഹം ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.