കൊച്ചി: ചെല്ലാനത്ത് തീരദേശവാസികള്‍ നടത്തുന്ന റിലേ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ സമരക്കാര്‍ തടഞ്ഞു. ഉമ്മന്‍ചാണ്ടിയെ മാത്രമാണ് പന്തലിലേക്ക് കടക്കാന്‍ നാട്ടുകാര്‍ അനുവദിച്ചത്. ഒപ്പമുണ്ടായിരുന്ന ബെന്നി ബെഹനാന്‍, ഡി.സി.സി പ്രസിഡന്റ് വിനോദ് എന്നിവരെ സമരപ്പന്തലിലേക്ക് കയറാന്‍ അനുവദിച്ചില്ല.

ഇന്നലെ പ്രശ്നപരിഹാരത്തിന് കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പരാജയപ്പെട്ടതോടെ സമരം തുടരാന്‍ ജനങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ജലസേചന വകുപ്പിലെ വിദഗ്ദ സംഘം പ്രദേശത്ത് എത്തിയിട്ടുണ്ട്. കടല്‍ഭിത്തി പുനര്‍ നിര്‍മ്മാണത്തിന്റെ സാദ്ധ്യതകള്‍ ഇവര്‍ വിലയിരുത്തും. വിദഗ്ദ സംഘത്തിന്റെ സന്ദര്‍ശനത്തിന് ശേഷം സമരം ശക്തിപ്പെടുത്താണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സമരസമിതി അറിയിച്ചു.