കൊല്ലം അരിപ്പ സമരഭൂമിയില്‍ സമരക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു സംഘടനയില്‍ നിന്ന് മറ്റൊരു സംഘടനയിലേക്ക് മാറിയതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു.

അരിപ്പയില്‍ ഭൂസമരം നടത്തുന്ന മൂന്ന് സംഘടകളില്‍ ഒന്നായ ആദിവാസി ദളിത് മുന്നേറ്റ സമിതി, സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിക്കാനുള്ള നീക്കം നടത്തുന്നതിനിടെയാണ് സമര ഭൂമിയില്‍ ഏറ്റുമുട്ടലുണ്ടാകുന്നത്. നേരത്തെ ദളിത് ആദിവാസി ഭൂരഹിത സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന കൃഷ്ണന്‍കുട്ടി അടുത്തിടെ ബി.ജെ.പി അനുകൂല സംഘടനയിലേക്ക് മാറിയിരുന്നു. ഇതേച്ചൊല്ലിയാണ് കൃഷ്ണന്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറ‍ഞ്ഞു. 
ആക്രമണത്തില്‍ വെട്ടേറ്റ ക‍ൃഷ്ണന്‍കുട്ടി ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ദളിത് ആദിവാസി ഭൂരഹിത സംഘം നേതാവ് വിനോദ്, സിറാജ് എന്നിവരെ പൊലീസ് പിടികൂടി. പിടിയിലായ രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.