കാവേരി നദീജലപ്രശ്നത്തിലെ കര്‍ണാടകത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 31 തമിഴ്‌സംഘടനകള്‍ സംയുക്തമായി നാളെ തമിഴ്നാട്ടില്‍ ബന്ദിന് ആഹ്വാനം ചെയ്തു. കാവേരി പ്രശ്നത്തിന്റെ പേരില്‍ കര്‍ണാടകത്തില്‍ തമിഴ്നാട് സ്വദേശികള്‍ക്ക് നേരെ സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ അക്രമം നടന്നുവെന്നാണ് തമിഴ്‌സംഘടനകള്‍ ആരോപിക്കുന്നത്. കാവേരിയില്‍ നിന്ന് 15,000 ക്യുസക്‌സ് അടി വെള്ളം അനുവദിച്ച സുപ്രീംകോടതി ഇത് പിന്നീട് 12,000 ക്യുസക്‌സ് അടിയാക്കി കുറച്ചത് തിരിച്ചടിയാണെന്നും തമിഴ്‌സംഘടനകള്‍ പറയുന്നു. എന്നാല്‍ എ.ഐ.എ.ഡി.എം.കെ, ഡി.എം.കെ ഉള്‍പ്പടെയുള്ള പ്രമുഖ രാഷ്‌ട്രീയപാര്‍ട്ടികളൊന്നും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, കാവേരി പ്രശ്നത്തില്‍ പ്രതിഷേധിച്ച് ഡി.എം.ഡി.കെ നേതാവ് വിജയകാന്ത് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.