ദില്ലി: ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ പോരാട്ടം മുതല്‍ നിര്‍ഭയ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള സമരം തുടങ്ങി ചരിത്രത്തില്‍ ഇടംകണ്ട വലിയ പോരാട്ടങ്ങള്‍ക്ക് പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്തര്‍മന്ദിര്‍ സാക്ഷിയായിട്ടുള്ള പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇനി സമരങ്ങള്‍ ഉണ്ടാവില്ല. നൂറ്റാണ്ടുകളായി ദില്ലിയിലെ സമരവേദിയായ ജന്തര്‍ മന്ദറിലെ മുഴുവന്‍ സമരപന്തലുകളും ദില്ലി പൊലീസ് പൊളിച്ചു നീക്കി. സമരം നടത്തേണ്ടവര്‍ക്ക് ഇനി പഴയ ദില്ലിയിലെ രാംലീല മൈതാനത്തെ ആശ്രയിക്കാം.


ശബ്ദമലിനീകരണം തടയാനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. ഒരു റാങ്ക് ഒരു പെന്‍ഷന് വേണ്ടി സമരം ചെയ്തവരെയും, വരള്‍ച്ച നേരിടാന്‍ സഹായം ആവശ്യപ്പെട്ട് സമരം നടത്തിയ തമിഴ്‌നാട്ടിലെ കര്‍ഷകരെയുമടക്കമാണ് പൊലീസ് ഒഴിപ്പിച്ചത്. 


ഇനി ദില്ലിയില്‍ സമരം നടത്തണമെങ്കില്‍ പഴയ ദില്ലിയിലെ രാംലീലാ മൈതാനിയിലേക്ക് പോകണം. രാംലീല മൈതാനത്ത് റോഡിലേക്കോ, പാര്‍ലമെന്റിലേക്കോ എത്താതെ മൈതാനത്തിനുള്ളില്‍ മാത്രമെ സമരങ്ങള്‍ നടത്താന്‍ അനുമതിയുള്ളൂ. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയും പൊലീസ് നടപടിക്കെതിരെയും മേല്‍കോടതിയെ സമീപിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ടികളും സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.