തൃശ്ശൂര്‍: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു.

പരിപാടിക്കായി വേദിയിലേക്ക്​ കയറുന്നതിനിടെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പരിപാടി നടക്കുന്നതിനിടക്കാണ് ബി ജെ പി ജില്ലാ പ്രസിഡൻറ്​ പി. ഗോപിനാഥും മറ്റൊരു പ്രവർത്തകനും കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ ഡി എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.

ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. ശൈലജക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധിക്കുകയായിരുന്നു. താലൂക്കാശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.