കൊച്ചി: വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞുള്ള പെരുമ്പാവൂർ സ്വർണക്കവർച്ചാക്കേസിൽ 14 പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് തോക്ക് കണ്ടെടുത്തു. അറസ്റ്റിലായ തീവ്രവാദക്കേസ് പ്രതി അബ്ദുൾ ഹാലിം അടക്കമുളളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
വിജിലൻസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പെരുന്പാവൂർ സ്വദേശി സിദ്ധിഖിന്‍റെ വീട്ടിലെത്തി അറുപത് പവൻ കവർന്ന സംഭവത്തിലാണ് 14 പേരെ തിരിച്ചറിഞ്ഞത്. ഏഴുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. ബാക്കിയുളളവർക്ക് ഗൂഡാലോചനയിൽ പങ്കുണ്ട്. ഇവ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു.
കൃത്യത്തിന്‍റെ സൂത്രധാരനായ അജിംസ് അറസ്റ്റിലായ മൂന്നുപ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത് . ഒരു പ്രതിയുടെ വീട്ടിൽ നിന്ന് തോക്ക് കണ്ടെടുത്തു. വടിവാളുകൾ അടക്കമുളള മാരകായുധങ്ങളും പരിശോധനയിൽ കിട്ടിയിട്ടുണ്ട്. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ 29വരെ കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ തീവ്രവാദക്കേസ് പ്രതി അബ്ദുൾ ഹാലിം അടക്കമുളളവരെ ദേശീയ അന്വേഷണ ഏജൻസി അടക്കമുളളവര്‍ ചോദ്യം ചെയ്യുകയാണ്. തീവ്രവാദപ്രവർത്തനത്തിനുളള പണസമാഹരണമാണ് കവർച്ചയുടെ ലക്ഷ്യമെന്ന സംശയത്തെത്തുടർന്നാണിത്. ഇവർക്കുമേൽ യു എ പി എ ചുമത്തുന്നതും പരിഗണനയിലാണ്.
