തിരുവനന്തപുരം: ശബരിമലയില്‍ ചുമതല നിറവേറ്റുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരൻ പിള്ള. സംസ്ഥാന സര്‍ക്കാറില്‍ ഇനി ബിജെപിക്ക് പ്രതീക്ഷയില്ല. ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്‍റെ ചുമതലയാണെങ്കിലും ശബരിമലയുടെ കാര്യത്തില്‍ അങ്ങനെ കണക്കാക്കാനാകില്ല.  വിശ്വാസികളോടുള്ള ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. 

കെപി ശശികലയെ അറസ്റ്റ് ചെയ്തതെന്തിനെന്ന് സർക്കാർ വ്യക്തമാക്കണം. ശശികലയ്ക്ക് ഭരണഘടനാപരമായ അവകാശം നിഷേധിച്ചു. സര്‍ക്കാര്‍  സമരം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കാൻ നിർബന്ധിതരാക്കുന്നുവെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന നിയമസംവിധാനം പരാജയപ്പെട്ടു. സംസ്ഥാന സര്‍ക്കാരല്ല ശബരിമലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്. കേരളത്തില്‍ ഒന്നര കോടി ഹിന്ദുമത വിശ്വാസികളാണുള്ളത്. അഞ്ചര കോടിയോളം ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലെത്തുന്നുണ്ട്. ശബരിമലയെ നിയന്ത്രിക്കേണ്ടത് ഇവരല്ല. സ്റ്റേറ്റ് ലിസ്റ്റിലുള്ള കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ നിയമജ്ഞരുമായി സാധ്യതകള്‍ ആലോചിക്കും. ശബരിമലയെ എങ്ങനെയും തകര്‍ക്കാനാണ് സര്‍ക്കാറിന്‍റെ നീക്കം. ഇനിമുതല്‍ സ്വാമി പൊലീസ് വേണ്ടെന്ന് ഭരണകൂടം തീരുമാനിച്ച് നടപ്പാക്കുന്നു. യൂണിഫോമില്‍ വര്‍ഷങ്ങളായുള്ള ഇളവ് എടുത്ത് കളഞ്ഞു.

ശശികലയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന്  സര്‍ക്കാര്‍ വ്യക്തമാക്കണം. ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ അനുഭവിക്കാന‍് ഒരു വിഭാഗത്തെ അനുവദിക്കില്ലെന്ന് പറയുകയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നു. പൊലീസ് തേര്‍വാഴ്ചയില്‍ ഇത് നടപ്പിലാക്കാമെന്ന ധിക്കാരമാണ് സര്‍ക്കാറിന്.

പൊതുപ്രവര്‍ത്തകരെ തടങ്കലില്‍ വയ്ക്കുന്ന മുന്‍കരുതല്‍ അറസ്റ്റ് നിയമം നിലനില്‍ക്കുന്നില്ല. നിയമനിഷേധം  പൊലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുമ്പോള്‍ സമരം കേരളത്തില്‍ ഒതുങ്ങി നില്‍ക്കില്ല. അടിയന്താരവസ്ഥാ കാലത്തെ കാര്യങ്ങള്‍ പിണറായി ഓര്‍ക്കണം. പൊലീസ് അന്ന് ചെയ്ത കാര്യങ്ങള്‍ പുറത്തുവന്നതും എങ്ങനെയാണെന്നും ഓര്‍മ‍വേണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.