രാത്രിയുടെ മറവില്‍ നടന്ന പൊലീസിന്‍റെ ക്രൂരത പുറം ലോകം അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പൊലീസുമായി ചേര്‍ന്ന് ഈ നാടകങ്ങളെല്ലാം നടക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.
കോട്ടയം: നിരീശ്വരവാദികളെ കൂട്ടു പിടിച്ച് ശബരിമലയെ തകര്‍ക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ നടന്ന നാടകമാണ് ഇന്ന് ശബരിമലയില്‍ അരങ്ങേറിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് മനിതി പ്രവര്‍ത്തകര്‍ ആസൂത്രിതമായി ശബരിമലയിലെത്തിയത്. സിപിഎം നടത്തിയ ഈ കള്ളക്കളിയെക്കുറിച്ചും ശബരിമല തകര്‍ക്കാനുള്ള ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ശ്രീധരന്‍ പിള്ള കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.
ശബരിമലയിലെ നാടകത്തിന്‍റെ അടിവേരുകള്‍ എന്‍ഐഎ അന്വേഷിക്കണം. എന്‍ഐഎയുടെ അന്വേഷണം സംസ്ഥാനം ആവശ്യപ്പെടണം. ശബരിമലയിലെ ഇടപെടലുകള്‍ക്ക് ഭീകരസംഘടനകളുടെ ബന്ധമുണ്ടെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ശബരിമലയെ പോര്‍ക്കളമാക്കി നിര്‍ത്തുകയാണ് സിപിഎമ്മിന്‍റെ ശ്രമം. അതിന്‍റെ ഭാഗമായാണ് തമിഴ്നാട്ടില്‍ നിന്നും ഹിന്ദുമത വിശ്വാസികള്‍ പോലുമല്ലാത്ത ഒട്ടേറെ പേരെ ഉള്‍പ്പെടുത്തി ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ നാടകം.
ശനിയാഴ്ച രാത്രി ശബരിമലയില്‍ ബിജെപി നേതാക്കളുണ്ടായിരുന്നു. പൊലീസ് ഇവരോട് ക്രൂരമായി പെരുമാറി. രാത്രിയുടെ മറവില്‍ നടന്ന പൊലീസിന്‍റെ ക്രൂരത പുറം ലോകം അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പൊലീസുമായി ചേര്‍ന്ന് ഈ നാടകങ്ങളെല്ലാം നടക്കുന്നതെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. ബിജെപി ആശങ്കപ്പെട്ടത് പോലെയാണ് കാര്യങ്ങള്‍. അവസരം കിട്ടിയാല്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതിന് സിപിഎം പിന്തുണയ്ക്കും. മനിതി പ്രവര്‍ത്തകര്‍ത്ത് മധുരയില്‍ നിന്ന് തന്നെ കേരള പൊലീസിന്‍റെ സംരക്ഷണം ഉണ്ടായിരുന്നു. ഇതിന് പൊലീസിന് എങ്ങനെ സാധിച്ചുവെന്നും ബിജെപി അധ്യക്ഷന്‍ ചോദിക്കുന്നു.
