വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് തൃപ്തി ദേശായിയെ തിരിച്ചയണമെന്ന് പി.എസ്. ശ്രീധരൻ പിള്ള. ഭക്തരെ വെല്ലുവിളിച്ച് ദർശനം നടത്തുന്നത് ശരിയല്ല. തൃപ്തി ദേശായി പല കേസുകളിലും പ്രതിയാണെന്നും ശ്രീധരൻ പിള്ള.

കൊച്ചി: വിശ്വാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാനായി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ഭക്തരുടെ പ്രതിഷേധമാണ് വിമാനത്താവളത്തിൽ നടക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പല കേസുകളിലും പ്രതിയായ തൃപ്തി ദേശായി ഭക്തരെ വെല്ലുവിളിച്ചു കൊണ്ട് ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ശ്രീധരന്‍പിള്ള കൊച്ചിയില്‍ പറഞ്ഞു. 

അതേസമയം, ശബരിമല ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോഴും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. പ്രതിഷേധം ശക്തമാകുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലുറച്ചിരിക്കുകയാണ് തൃപ്തി ദേശായി. തഹസില്‍ദാരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. പൊലീസുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും സ്വന്തം നിലയ്ക്ക് ഏര്‍പ്പാട് ചെയ്താല്‍ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർ നടപടി തീരുമാനിക്കുമെന്നാണ് പൊലീസ് നിലപാട്.

ഇതിനിടെ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന 250 പേർക്ക് എതിരെയാണ് കേസ്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങൾ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയിൽ പ്രതിഷേധ സമരം നടത്തിയതിനാണ് കേസെടുത്തത്. അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവർക്കുമെതിരെ നെടുമ്പാശേരി പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോർച്ചയാണ് പരാതി നൽകിയിരിക്കുന്നത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.