കെഎസ്ആര്‍ടിസിയില്‍ നിന്നും പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാരെ വീണ്ടും നിയമിക്കുന്നതും നിയമക്കുരുക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാരെ വീണ്ടും തിരിച്ചെടുക്കാനുള്ള നീക്കം നിയമക്കുരുക്കിലേക്ക്. സര്‍ക്കാര്‍ നീക്കത്തിനെതിരെ പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി. കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചു വിട്ട താൽക്കാലിക കണ്ടക്ടർമാരിൽ യോഗ്യതയുള്ളവർക്ക് നിയമാനുസൃതമായി നിയമനം നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യാൻ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു. 

അതേസമയം, താത്കാലിക ജിവനക്കാരെ സംരക്ഷിക്കാന്‍ ചട്ടം പരിഷ്കരിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു. താൽക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയതായി മന്ത്രി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ എസ് ആർ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാന്‍ ചട്ടം അനുവദിക്കുമെങ്കില്‍ നിശ്ചിത കാലത്തേക്ക് താത്കാലിക നിയമനം നടത്താമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുണ്ട്. എന്നാല്‍ താത്കാലിക നിയമനങ്ങള്‍ 179 ദിവസത്തിനപ്പുറത്തേക്ക് പാടില്ലെന്നാണ് ചട്ടം. പിരിച്ചുവിട്ട കണ്ടക്ടരമാരെ അനിശ്ചിതകാലത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കനാകുമോയെന്നതില്‍ വ്യക്തതയില്ല.

പി എസ് സി നിയമന ശുപാര്‍ശ നല്‍കിയ 4051 പേരില്‍ 1334 കണ്ടക്ടര്‍മാരാണ് ഇതുവരെ ജോലിയില്‍ പ്രവേശിച്ചത്.താത്കാലിക നിയമന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ നിലപാട് കടുപ്പിക്കാനാണ് പി എസ് സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍റെ തീരുമാനം.

അതേസമയം, താത്കാലിക കണ്ടക്ടരമാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി തുടരുകയാണ്. കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുടങ്ങിയത് 261 സര്‍വ്വീസുകളാണ്. തിരുവനന്തപുരം മേഖലയില്‍ 108ളം, എറണാകുളത്ത് 125ഉം, കോഴിക്കോട് 28ഉം സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.