മന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍. കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ ടി ജലീലിന്റെ വാക്കില്‍ പ്രതീക്ഷിച്ച് ഇരിക്കുന്നത്. കേരള മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള നിയമനത്തില്‍ ഡിഎച്ച്‌ഐ കോഴ്സ് പഠിച്ചവര്‍ക്കൊപ്പം സാനിറ്ററി ഇന്‍സപെക്ടര്‍ കോഴ്സ് പഠിച്ചവരെയും ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഉദ്യോഗാര്‍ത്ഥികളെ കണ്ട് മന്ത്രി കെ ടി ജലീല്‍ രണ്ട് വര്‍ഷ സര്‍ക്കാര്‍ കോഴ്‌സ് കഴിഞ്ഞവരെ ഉള്‍പ്പെടുത്തുമെന്നും ഉടന്‍ തന്നെ ഇത് ഈ ഡിപ്പാര്‍ട്‌മെന്റില്‍ അമെന്‍ഡ് ചെയ്യുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു. നിലവില്‍ ആരോഗ്യവകുപ്പില്‍ മാത്രമാണ് ഈ കോഴ്‌സ് അമന്‍ഡ് ചെയ്തിട്ടുള്ളത്. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് 16 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരം ഡിഎച്ച്ഐ കോഴ്‌സ് പഠിച്ചവര്‍ പിന്‍വലിച്ചത്. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആയ സാനിട്ടറി ഇന്‍സ്‌പെക്‌ടര്‍ കോഴ്‌സ് പഠിച്ചവരെ ഒഴിവാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നതായിരുന്നു സമരക്കാര്‍ ഉന്നയിച്ച പ്രധാന ആവശ്യം.
മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള പി എസ് സി ചുരുക്കപട്ടികയില്‍ ഡിഎച്ച്ഐ, സാനിട്ടറി ഇന്‍സ്‌പെക്‌ടര്‍ കോഴ്‌സുകള്‍ പഠിച്ചവരുണ്ട്. എന്നാല്‍ മറ്റവരെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഇരുകൂട്ടരും പരസ്‌പരം രംഗത്തെത്തിയതോടെ നിയമനം താല്‍ക്കാലികമായി പി എസ് സി നിര്‍ത്തിവെച്ചു. 2014 അവസാനത്തോട് കൂടിയാണ് പിഎസ്‌സി കോമണ്‍ സര്‍വീസ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനത്തിനുള്ള വിജ്ഞാപനം നടത്തിയത്. 2015 നവംബറില്‍ എഴുത്ത് പരീക്ഷയും നടത്തി. യോഗ്യതയില്ലെന്ന പരസ്‌പരം വാദം ഉയര്‍ത്തി ഇരുകൂട്ടരും രംഗത്തെത്തുകയായിരുന്നു. ഇതിനിടയില്‍ സര്‍ക്കാരിനെതിരെയും ഡിഎച്ച്ഐകാര്‍ക്കെതിരെയും കേസുമായി സാനിട്ടറി കോഴ്‌സ് പഠിച്ചവര്‍ കോടതിയില്‍ കേസ് കൊടുത്തു. സര്‍ക്കാരിന്റെ വാദം കേട്ടിട്ട് അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണല്‍, പിഎസ്‌സിക്ക് റാങ്ക് ലിസ്റ്റിട്ട് മുന്നോട്ട് പോകാമെന്ന് ഇടക്കാല ഉത്തരവിട്ടു. 1972-ലെ സ്‌പെഷ്യല്‍ റൂളില്‍ ഡിഎച്ച്‌ഐ കോഴ്‌സിനെ പറ്റി പറിഞ്ഞിട്ടില്ലെന്നാണ് സാനിറ്ററി കോഴ്‌സുകാര്‍ ഉന്നയിക്കുന്നത്. മേല്‍പ്പറഞ്ഞ തസ്‌തികയിലേക്ക് 2014ല്‍ വിളിച്ച വിജ്ഞാപനത്തില്‍പ്പെടുന്ന ഒറ്റ കോഴ്‌സും സംസ്ഥാനത്ത് നിലവിലില്ല. നിലവില്‍ ഡിഎച്ച്‌ഐ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് രണ്ടേ രണ്ട് തസ്തികയിലേക്കാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. ഒന്ന്, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, രണ്ട് മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ഈ രണ്ട് തസ്തികയിലേക്കും പരിപൂര്‍ണമായ യോഗ്യതകളുള്ളവരാണ് ഡിഎച്ച്‌ഐ കോഴ്‌സ് ചെയ്തവരെന്നാണ് അവരുടെ വാദം. ഏതായാലും മന്ത്രിയുടെ ഉറപ്പിലാണ് ഉദ്യോഗാര്‍ത്ഥികളുടെ ഇപ്പോഴത്തെ പ്രതീക്ഷ.
