തിരുവനന്തപുരം: അടുത്തിടെ കഴിഞ്ഞ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പറിലുണ്ടായ പിഴവില്‍ നടപടി എടുക്കാന്‍ പി.എസ്.സി തീരുമാനം. ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപര്‍ക്കെതിരായാണ് നടപടിയെടുക്കുന്നത്. പി.എസ്.സി പരീക്ഷകള്‍ക്കായി ചോദ്യങ്ങള്‍ തയ്യാറാകുന്ന സമിതിയില്‍ നിന്നും ഈ അധ്യാപകരെ ഒഴിവാക്കുമെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് പി.എസ്.സി വിശദമായി അന്വേഷിക്കും.
പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ ചോദ്യപേപ്പറിലാണ് പിശകുണ്ടായത്. കഴിഞ്ഞ അഞ്ചാം തിയ്യതിയാണ് ഈ ജില്ലകളിലേക്കുള്ള എല്‍ഡിസി പരീക്ഷ നടന്നത്. സിലബസ് അടിസ്ഥാനത്തില്‍ നടത്തിയ പരീക്ഷയില്‍ 30ലധികം ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്ന് ചോദിച്ചു എന്നാണ് ആക്ഷേപം. ലോക ചരിത്രം സിലബസില്‍ ഇല്ലെന്നിരിക്കേ 30 ശതമാനം ചോദ്യങ്ങളും വന്നത് ഈ വിഭാഗത്തില്‍ നിന്നാണ്. ഇത് വരെ പരീക്ഷ നടന്ന 12 ജില്ലകളില്‍ പാലക്കാടും പത്തനംതിട്ടയുമൊഴികെയുള്ള 10 ജില്ലകളിലും സിലബസിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്‌ക്ക് വന്നത്. ചോദ്യപ്പേപ്പര്‍ മാറിയതാകാനും സാധ്യതയുണ്ടെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
