തിരുവനന്തപുരം: പതിനാലാമത് കേരളാ നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇടതുമുന്നണിയുടെ പ്രതിനിധിയായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി.ശ്രീരാമകൃഷ്ണന് 92 വോട്ടുകൾ ലഭിച്ചപ്പോള്‍ യു‍ഡിഎഫ് പ്രതിനിധിയായി മത്സരിച്ച വി.പി.സജീന്ദ്രന് 46 വോട്ടേ ലഭിച്ചുള്ളു.യുഡിഎഫിന്റെ ഒരു വോട്ടു ചോര്‍ന്നു. യുഡിഎഫിന്റെ ഒരു വോട്ടിനു പുറമെ ബിജെപി പ്രതിനിധിയായ ഒ.രാജഗോപാലിന്റെ വോട്ടും ശ്രീരാമകൃഷ്ണന് ലഭിച്ചു. പ്രോ ടേം സ്പീക്കറായിരുന്ന എസ് ശര്‍മ വോട്ടുചെയ്തില്ല. പി.സി.ജോർജിന്റെ വോട്ട് അസാധുവായി.

കേരള നിയമസഭയുടെ 22-ാമത് സ്പീക്കറായാണ് പി.ശ്രീരാമകൃഷ്ണന്‍ ചുമതലയേറ്റത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചുമതലയേറ്റശേഷം സ്പീക്കര്‍ പറഞ്ഞു. രാവിലെ 9 മണിക്കാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് അംഗങ്ങള്‍ ഓരോരുത്തരായി വോട്ട് രേഖപ്പെടുത്തി. ഒന്നരമണിക്കൂറിനുള്ളില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കിയതിനുശേഷം പ്രോ ടേം സ്പീക്കറായ എസ് ശര്‍മ ഫലം പ്രഖ്യാപിച്ചു.

തുടര്‍ന്ന് സഭാനാഥനായി തിരഞ്ഞെടുക്കപ്പെട്ട പി.ശ്രീരാമകൃഷ്ണന് സഭാംഗങ്ങളുടെ അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് പി കെ.കുഞ്ഞാലിക്കുട്ടി ബിജെപി പ്രതിനിധി ഒ രാജഗോപാല്‍ തുടങ്ങിയവര്‍ ശ്രീരാമകൃഷ്ണനെ അഭിനന്ദിച്ചു. അതേസമയം, ക‍ഴിഞ്ഞ സ്പീക്കര്‍ക്കുണ്ടായപോലുള്ള അനുഭവം പ്രതിപക്ഷത്തുനിന്നും ഇത്തവണ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു. ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് പുതിയ സ്പീക്കറെ ഇരിപ്പടത്തിലേക്ക് ആനയിച്ചു.

നവാഗതര്‍ സഭാചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചായസല്‍കാരം. നിയമസഭക്കുള്ളിലെ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന. ശേഷം നിയമസഭ പിരിഞ്ഞു. ഈമാസം 24ന് നിയമസഭ വീണ്ടും ചേരും.